നീലേശ്വരം: ഇടവേളകൾക്ക് ശേഷം പുനഃരാരംഭിച്ചെങ്കിലും നീലേശ്വരം -ഇടത്തോട് റോഡ് നവീകരണം വീണ്ടും നിർത്തി. ജെ.സി.ബി. ഉപയോഗിച്ച് പാലായി റോഡിൽ കയറ്റം കുറക്കുന്നതിനിടെ ബി.എസ്.എൻ.എൽ കേബിൾ പൊട്ടിയതാണ് പ്രശ്നമായത്. ഇതോടെ ബി.എസ്.എൻ.എൽ അധികൃതർ ഇടപെട്ടു. റോഡ് പണി തുടങ്ങുന്നതിന് മുമ്പ് തന്നെ അധികൃതരോട് കേബിൾ മാറ്റാൻ ആവശ്യപ്പെട്ട് എഴുത്ത് കൊടുത്തതായി പൊതുമരാമത്ത് അധികൃതർ പറയുന്നു. കരാറുകാരൻ പണി തുടങ്ങുമ്പോൾ ഞങ്ങളെ മുൻകൂട്ടി വിവരം അറിയിച്ചില്ലെന്ന് ബി.എസ്.എൻ.എൽ അധികൃതരും പറയുന്നു.
പാലായി റോഡിലും നരിമാളം വളവിലുമാണ് നവീകരണം പുരോഗമിച്ചിരുന്നത്. രണ്ടു വർഷമായി നീലേശ്വരം മുതൽ ചോയ്യംകോട് വരെ റോഡ് ഇല്ലാത്ത അവസ്ഥയാണ്. 2016-17 സാമ്പത്തിക വർഷത്തിൽ 18 മാസത്തെ കാലാവധി വെച്ചാണ് നീലേശ്വരം-ഇടത്തോട് റോഡ് മെക്കാഡം ടാറിംഗ് പെയ്യുന്നതിനായി കരാറുകാരൻ കെ. മൊയ്തീൻ കുട്ടി ഹാജി കരാറേറ്റെടുത്തത്. സമയം കഴിഞ്ഞതോടെ ഇപ്പോൾ വീണ്ടും സമയം ചോദിച്ചിരിക്കുകയാണ്. ഒക്ടോബർ മാസത്തിലാണ് മെക്കാഡം ടാറിംഗിന്റെ ഭാഗമായി പാലായി റോഡ്, ഇടിചൂടി എന്നിവിടങ്ങളിൽ റോഡ് കിളച്ചിട്ടത്. ഇപ്പോൾ മഴ മാറിയതോടെയാണ് കരാറുകാരൻ റോഡിന്റെ പണി പുനരാരംഭിച്ചത്. രണ്ടു വർഷമായി യാത്രക്കാരുടെ ക്ഷമ പരിശോധിക്കുകയാണ് പൊതുമരാമത്ത് അധികൃതരും കരാറുകാരനും