വിതുര: ഗ്രാമങ്ങളെ ആപേക്ഷിച്ച് വനമേഖലയിൽ ശക്തമായ മഴ പെയ്യുകയാണ്. പൊൻമുടി, പേപ്പാറ, ബോണക്കാട് വനാന്തരങ്ങളിലാണ് വൃശ്ചികവർഷം തിമിർക്കുന്നത്. ശക്തമായ മഴ ഒരാഴ്ചയോളം നീണ്ടുനിന്നതിനാൽ പേപ്പാറ ഡാം നിറഞ്ഞിരിക്കുകയാണ്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളും താഴ്ന്നമേഖലകളിലെ വനപ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഡാമിലേക്കെത്തുന്ന അരുവികൾ കരകവിഞ്ഞിരിക്കുകയാണ്. മഴ കനത്തതോടെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ട നിലയിലാണ്. ഈ മേഖലയിലെ നിരവധി വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലും അനുഭവപ്പെടുന്നുണ്ട്. മിന്നലേറ്റ് പ്രദേശത്തെ വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ വ്യാപകമായി നശിച്ചു. വനമേഖലയിൽ നിലംപതിച്ച മരങ്ങളും പാറകളും നദിയിലൂടെ ഒഴുകിയെത്തുന്നുണ്ട്. നദികളിലെ ജലനിരപ്പ് ഗണ്യമായി ഉയർന്നതിനാൽ വ്യാപകമായി കരയിടിച്ചിലുണ്ടാവുകയും ധാരാളം ഭൂമി ഒലിച്ചുപോവുകയും ചെയ്തു. വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയിലും ശക്തമായി മഴപെയ്യുന്നുണ്ട്.
പേപ്പാറഡാം തുറന്നു
വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ പെയ്തതിനെ തുടർന്ന് ഡാമിലേക്ക് വലിയ തോതിൽ വെള്ളം ഒഴുകിയെത്തുകയും ഡാമിന്റെ നാല് ഷട്ടറുകളും തുറക്കുകയും ചെയ്തു. ഡാമിന്റെ ജലനിരപ്പ് നിലവിൽ 107.45 ആണ്. കഴിഞ്ഞ മാസം പെയ്ത ശക്തമായ മഴയെ തുടർന്ന് ഡാമിന്റെ മുഴുവൻ ഷട്ടറുകളും തുറന്നിരുന്നു.
വൈദ്യുതി ഉത്പാദനം ഉഷാർ
പേപ്പാറ ഡാമിൽ ജലനിരപ്പ് ഗണ്യമായി ഉയർന്നതോടെ വൈദ്യുതി ഉത്പാദനം ഉഷാറായി. പ്രതിദിനം മൂന്ന് മെഗാവാട്ട് വൈദ്യുതിയാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്.