തിരുവനന്തപുരം: വടക്കാഞ്ചേരി ലൈഫ് മിഷൻ ഇടപാടിൽ അന്വേഷണം മുറുക്കിയ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തിരിച്ചറിവിൽ, പ്രതിരോധം ശക്തമാക്കാൻ സി.പി.എം.
തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പെത്തുമ്പോഴേക്കും മുഖ്യമന്ത്രിയിലേക്ക് കേസന്വേഷണമെത്തിച്ച് ഇടതുമുന്നണിയെ പ്രതിസന്ധിയിലാക്കുകയെന്ന രാഷ്ട്രീയനീക്കമാണ് കേന്ദ്ര സർക്കാരിന്റേതെന്ന് സി.പി.എം സംശയിക്കുന്നു. സംസ്ഥാന സർക്കാരിനെതിരെ കേന്ദ്ര ഏജൻസികളെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നുവെന്ന് ആരോപിച്ചിരുന്ന സി.പി.എം, മുഖ്യമന്ത്രിയെയാണ് ലക്ഷ്യമിടുന്നതെന്ന് പറഞ്ഞ് ഇന്നലെ രംഗത്തുവന്നത് ഇതിന്റെ ഭാഗമാണ്. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ പേരിൽ പുറത്തുവന്ന ശബ്ദരേഖയും, ശിവശങ്കറിന്റെ ജാമ്യാപേക്ഷ നിരസിച്ച വിചാരണക്കോടതി സ്വപ്നയുടെ മൊഴിയിൽ സംശയമുയർത്തിയതുമെല്ലാം സി.പി.എം ഈ ആരോപണത്തിന് ആയുധമാക്കുന്നു. എൻ.ഐ.എയുടെയും ഇ.ഡിയുടെയും റിപ്പോർട്ടുകളിലെ വൈരുദ്ധ്യം കോടതി ചൂണ്ടിക്കാട്ടിയത് സി.പി.എം വാദങ്ങൾക്ക് ബലമേകുന്നു.
ഇതിനകം പുറത്തുവന്ന ചില കോടതി നിരീക്ഷണങ്ങൾ അന്വേഷണ ഏജൻസിയെ സംശയനിഴലിലാക്കുന്നുവെന്ന വിലയിരുത്തലിലാണ് സി.പി.എം നേതൃത്വം. അതിന് പിന്നാലെയാണ്, സ്വപ്നയുടേതായി പുറത്തുവന്ന ശബ്ദരേഖയും ചൂടേറിയ ചർച്ചാവിഷയമായത്. ഇത് ആരോപണനിഴലിൽ നിന്ന് പുറത്തുകടന്ന് ജനവിശ്വാസം വീണ്ടെടുക്കാനുള്ള അവസരമാകുമെന്നാണ് പാർട്ടി വിലയിരുത്തൽ. കേന്ദ്ര ഏജൻസികളെ ഒരുപോലെ പിന്തുണയ്ക്കുന്ന യു.ഡി.എഫും ബി.ജെ.പിയും തമ്മിലുള്ളത് അവിശുദ്ധസഖ്യമെന്ന പ്രചാരണം മതന്യൂനപക്ഷങ്ങളിലടക്കം ആശയക്കുഴപ്പം വിതയ്ക്കാൻ സഹായിച്ചേക്കും.
സർക്കാരിന്റെ വികസനനേട്ടങ്ങളും കൊവിഡ് പ്രതിരോധകാലത്ത് നടപ്പാക്കിയ ഭക്ഷ്യക്കിറ്റ് വിതരണമടക്കമുള്ള ക്ഷേമനടപടികളുമെല്ലാം പൊതുസമൂഹം ശരിയായ അർത്ഥത്തിൽ ഉൾക്കൊള്ളുമെന്ന് സി.പി.എം കേന്ദ്രങ്ങൾ കരുതുന്നു. കിഫ്ബിക്കെതിരെ ഉയരുന്ന വിവാദങ്ങളും സർക്കാരിന്റെ വികസനനേട്ടങ്ങൾ സമൂഹമാദ്ധ്യത്തിൽ ഉയർത്തിക്കാട്ടാനുള്ള അവസരമായി മാറുമെന്നാണ് കണക്കുകൂട്ടൽ. പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റും ഇനിയങ്ങോട്ട് വിവിധ യു.ഡി.എഫ് നേതാക്കൾക്കെതിരെ ഉയരുന്ന അറസ്റ്റ് ഭീഷണിയുമെല്ലാം ഇടതുമുന്നണി പ്രത്യാക്രമണത്തിന് സജ്ജമാകുന്നതിന്റെ സൂചനയുമാണ്.
എന്നാൽ, സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ മുഖ്യമന്ത്രിക്കെതിരെ ആയുധമാക്കുകയാണ് യു.ഡി.എഫും ബി.ജെ.പിയും. ശബ്ദരേഖ പുറത്തുവന്നതിന് പിന്നിൽ അലയടിക്കുന്ന ദുരൂഹതകളും അവ്യക്തതകളും മറയാക്കി, മുഖ്യമന്ത്രിയും പ്രതികളും തമ്മിൽ ബന്ധമെന്ന ആരോപണം ശക്തിപ്പെടുത്തുന്നു. ജയിലിൽ കഴിയുന്ന പ്രതിയുടെ ശബ്ദരേഖ പുറത്തെത്തിയതെങ്ങനെയെന്ന വലിയ ചോദ്യത്തിന് ഉത്തരം നൽകുക എളുപ്പമാകില്ല. അതുകൊണ്ടുതന്നെ, അത് പ്രതിപക്ഷത്തിന് ശക്തമായ രാഷ്ട്രീയായുധവുമാവുന്നു.