തിരുവനന്തപുരം: വരണാധികാരിക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ചെങ്കിലും സൂക്ഷമ പരിശോധനയെന്ന ഇന്നത്തെ കടമ്പ കടക്കാൻ കാത്തിരിക്കുകയാണ് സ്ഥാനാർത്ഥികൾ. വോട്ടർപട്ടികയിലെ ക്രമനമ്പരും പേരും വിലാസവുമെല്ലാം തെറ്റാതെ എഴുതിയിട്ടുണ്ടെങ്കിലും ഏതെങ്കിലും വാദമുയർത്തി എതിർകക്ഷികൾ സൂക്ഷ്‌മ പരിശോധന വേളയിൽ തങ്ങളുടെ പത്രിക തള്ളിക്കുമോ എന്നാണ് ചിലരുടെ ആശങ്ക. കേസ് മാത്രമല്ല, കെട്ടിട നികുതി, വായ്പ കുടിശ്ശിക എന്നിവയെല്ലാം പത്രിക തള്ളാൻ കാരണമാകാം.
അപൂർവമായേ സൂക്ഷ്‌മപരിശോധനാ വേളയിൽ പത്രിക തള്ളാറുള്ളുവെങ്കിലും ക്രമനമ്പറിലടക്കമുള്ള തെറ്റുകൾ കാരണം സ്ഥാനാർത്ഥിത്വം അവസാന നിമിഷം നഷ്ടപ്പെട്ടവരുമുണ്ട്. ഡമ്മികളായി പത്രിക നൽകിയിയവർ പെട്ടെന്ന് സ്ഥാനാർത്ഥികളായ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനാലാണ് ഇന്നത്തെ കടമ്പ കടക്കണമെന്ന് സ്ഥാനാർത്ഥികൾ ആഗ്രഹിക്കുന്നത്.
സൂക്ഷ്‌മപരിശോധന കഴിയുമ്പോഴാണ് വിമതരുടെയും സ്വതന്ത്രരുടെയും 'സമയം" തുടങ്ങുന്നത്. പത്രിക പിൻവലിക്കാനുള്ള 23 വരെ പലയിടത്തും ഇവരാകും താരം.
നാളെ മുതൽ സ്ഥാനാർത്ഥികൾ കളത്തിൽ കൂടുതൽ സജീവമാകുന്നതോടെ പ്രചാരണത്തിന് തീവ്രതയേറും. വിവിധ ചെറു സ്‌ക്വാഡുകൾ വീടുകൾ കയറിയിറങ്ങി വോട്ട് തേടും. മുന്നണിയുടെയും സ്ഥാനാർത്ഥിയുടെയും അഭ്യർത്ഥന പിന്നാലെയെത്തും.
യു.ഡി.എഫിലെ സീറ്റ് വിഭജനത്തിൽ പലയിടത്തും അസ്വസ്ഥത പുകയുന്നുണ്ട്. മുസ്ലിം ലീഗ്, സി.എം.പി കക്ഷികൾ പ്രാദേശിക തലത്തിൽ കോൺഗ്രസിനെ തോൽപ്പിക്കാൻ രംഗത്തുണ്ട്. ഒറ്റശേഖരമംഗലം പഞ്ചായത്തിൽ എൽ.ഡി.എഫിന് പരസ്യപിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് ഫ്ളക്സ് ബോർഡുകൾ നിരത്തിക്കഴിഞ്ഞു. അരുവിക്കരയിലെ ഒരു പഞ്ചായത്തിൽ പോലും സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് ആര്യനാട് പഞ്ചായത്തിലെ ഒരു ബ്ലോക്ക് ഡിവിഷനിലടക്കം ആറു വാർഡുകളിൽ സി.എം.പി ഒറ്റയ്‌ക്ക് മത്സരിക്കുകയാണ്. നിരവധി മേഖലകളിൽ അവസാന നിമിഷം കോൺഗ്രസിലെ സ്ഥാനാർത്ഥികളെ മാറ്റിയതിനെ സംബന്ധിച്ചും അസ്വസ്ഥത പുകയുന്നുണ്ട്.
തോൽക്കുന്ന സീറ്റ് നൽകിയെന്നാരോപിച്ച് ഇടതുമുന്നണിയിലെ ഘടകകക്ഷികളായ ചെറിയ പാർട്ടികളും അമർഷത്തിലാണ്. ആകെ അനുവദിച്ച സീറ്റ് പാർട്ടിക്ക് ആളുകളുള്ള വാർഡിൽ നൽകാതെ മറ്റിടങ്ങളിൽ നൽകിയതിനെ സംബന്ധിച്ചാണ് അവരുടെ പരാതി.