തിരുവനന്തപുരം: നാമനിർദ്ദേശ പത്രികാ സമർപ്പണം കഴിഞ്ഞതോടെ റിബൽ 'നാമ"ങ്ങളേും സ്വതന്ത്രരെയും പിന്തിരിപ്പിക്കാനുള്ള തത്രപ്പാടിലാണ് മുന്നണികൾ. നീർക്കോലി കടിച്ചാലും അത്താഴം മുടങ്ങുമെന്ന ചൊല്ല് തദ്ദേശ തിരഞ്ഞെടുപ്പിൽ അന്വർത്ഥമാകാറുണ്ട്. 'ടൈറ്റ് ഫൈറ്റ്" നടക്കുന്ന വാർഡുകളിൽ 50 വോട്ട് പിടിക്കുന്ന സ്വതന്ത്രൻ പോലും പ്രശ്നക്കാരാണ്. ഇത്തരക്കാരെ കണ്ടെത്തി സോപ്പിട്ട് പത്രിക പിൻവലിപ്പിക്കാൻ ഓരോ പാർട്ടിയും പ്രത്യേക ദൗത്യ സംഘത്തെയും ഇറക്കി.
സ്വതന്ത്രന്മാർ എല്ലാ മുന്നണികൾക്കും പാരയാകാറില്ല. ഏതെങ്കിലും ഒരാൾക്കായിരിക്കും 'പണി" കിട്ടുക. അത് രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ ജാതിയുടെയോ പേരിലാകാം. വിനോദസഞ്ചാരകേന്ദ്രം ഉൾപ്പെടുന്ന ഒരു വാർഡിൽ രണ്ട് സമുദായങ്ങൾക്കാണ് മേൽക്കൈ. അതിൽ രണ്ട് മുന്നണി സ്ഥാനാർത്ഥികളും ഒരു സമുദായത്തിൽപെട്ടവർ. മൂന്നാമത്തെ മുന്നണി സ്ഥാനാർത്ഥി അടുത്ത സമുദായത്തിന്റെ വോട്ടുമുഴുവൻ നേടാമെന്ന് കണക്കുകൂട്ടി മത്സരിക്കാൻ കച്ചമുറുക്കി നോക്കിയപ്പോഴേക്കും അതേ സമുദായക്കാരായ രണ്ട് കിടിലൻ സ്വതന്ത്രന്മാർ തലയുയർത്തി നിൽക്കുന്നു.
റിബലുകൾക്ക് മിക്കവാറും സ്വതന്ത്രവേഷമായിരിക്കും. പാർട്ടിക്കകത്തെ റിബലാകാം, അല്ലെങ്കിൽ മുന്നണിയിലേതുമാകാം. രണ്ടാമത്തെ ഗണത്തിൽപെട്ട റിബൽ തലവേദനയാകുന്നവരുടെ കൂട്ടത്തിൽ സ്ഥാനമൊഴിഞ്ഞ മേയറുമുണ്ട്. വെള്ളനാട് പഞ്ചായത്തിലെ ഒരു വാർഡിൽ ഒരേ ചിഹ്നത്തിൽ രണ്ടു പേരുടെ ചിത്രങ്ങളാണ് ത്രിവർണത്തിന്റെ പശ്ചാത്തലത്തിൽ നിറഞ്ഞിരിക്കുന്നത്. മത്സ്യബന്ധന പ്രദേശത്ത് സ്ഥിരമായി ജയിക്കുന്ന പ്രതിപക്ഷ പാർട്ടിയാണ്. അതുകൊണ്ട് ഇത്തവണ സ്ഥാനാർത്ഥിയാകാൻ മത്സരമായിരുന്നു. കൂട്ടത്തിൽ സ്വാധീനമുണ്ടെന്ന് ജില്ലാ നേതൃത്വത്തിന് തോന്നിയ ഒരാളെ സ്ഥാനാർത്ഥിയാക്കി. അപ്പോഴേക്കും റിബലും പോസ്റ്ററൊട്ടിച്ച് ഭീഷണി ഉയർത്തി.
പാർട്ടിയിൽ സ്ഥാനം, സഹകരണസംഘത്തിൽ സീറ്റ്, പണം, ഇതൊന്നും ഏറ്റില്ലെങ്കിൽ ചെറിയവിരട്ടൽ ഇതൊക്കെയാണ് റിബലുകളെ ഒതുക്കുന്ന മാർഗങ്ങൾ. മാർഗം ഏതായാലും ലക്ഷ്യമാണല്ലോ പ്രധാനം!