ഹാസ്യസാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ ' പാലം അപകടത്തിൽ " എന്ന രചനയെ ആസ്പദമാക്കി കാർട്ടൂണിസ്റ്റ് യേശുദാസന്റെ സംഭാഷണത്തിൽ കെ.ജി.ജോർജ് തിരക്കഥയും സംവിധാനവും നിർവഹിച്ച ' പഞ്ചവടിപ്പാലം " മലയാളസിനിമയിൽ അന്നും ഇന്നും എന്നും പ്രസക്തമായ പൊളിറ്റിക്കൽ സറ്റയറാണ്. പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി അറസ്റ്റിലാകുമ്പോൾ
പഞ്ചവടിപ്പാലം എന്ന സിനിമയുടെ പ്രാധാന്യം വീണ്ടും വർദ്ധിക്കുകയാണ്. ഗാന്ധിമതി ബാലൻ നിർമ്മിച്ച് 36 വർഷം മുമ്പ് റിലീസ് ചെയ്ത പഞ്ചവടിപ്പാലത്തിന്റെ പ്രമേയം ഇന്നും രാഷ്ട്രീയക്കാരെ തുറിച്ചുനോക്കുന്നുണ്ട്.
ആ സിനിമയിലേക്കൊരു തിരിഞ്ഞുനോട്ടം
കാലത്തിന് മുൻപേ ജനിച്ച ചില സിനിമകളുണ്ട്. കാലത്തെ അതിജീവിച്ച ചില സിനിമകളും. മുപ്പത്തിയാറുവർഷങ്ങൾക്കുമുൻപ് മലയാളത്തിന്റെ മാസ്റ്റർ ക്രാഫ്ട്സ്മാൻ കെ.ജി. ജോർജ് ഒരുക്കിയ പഞ്ചവടിപ്പാലം കാലാതിവർത്തിയായ സിനിമകളുടെ മകുടോദാഹരണങ്ങളിലൊന്നാണ്.സറ്റയർ സ്വഭാവമുള്ള സിനിമകളും കാരിക്കേച്ചർ ശൈലിയിലുള്ള കഥാപാത്രങ്ങളും മലയാളത്തിന് കേട്ട് കേൾവി പോലുമില്ലാതിരുന്ന കാലത്ത് പിറന്ന പഞ്ചവടിപ്പാലം അന്ന് സൂപ്പർഹിറ്റായ സിനിമയായിരുന്നില്ല. സിനിമ പറഞ്ഞ ആക്ഷേപഹാസ്യത്തിലധിഷ്ഠിതമായ രാഷ്ട്രീയം അന്നത്തെ സാമാന്യ പ്രേക്ഷകർക്ക് അത്രകണ്ട് ഉൾക്കൊളളാനായില്ലെങ്കിലും പിൽക്കാലത്ത് മലയാളി പ്രേക്ഷകർ ഓർത്തോർത്ത് പറയുന്ന ചിത്രമായി അതുമാറി.ടെലിവിഷനിൽ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ട സിനിമയാണ് പഞ്ചവടിപ്പാലം.പണി കഴിഞ്ഞ് പൊതുജനത്തിനായി തുറന്നുകൊടുത്ത് അധികം വൈകുംമുൻപേ ജനത്തിന് പണി കൊടുക്കുന്ന അഴിമതിപ്പാലങ്ങൾ വാർത്തയാകുന്ന വർത്തമാന കാലത്ത് പഞ്ചവടിപ്പാലത്തിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. പഞ്ചവടിപ്പാലം ഒരു പ്രതീകമാണ്. ഏത് പക്ഷം മാറിമാറി വന്നാലും അഴിമതി നടത്തുകയെന്ന ഏക ലക്ഷ്യത്തിന് മാറ്റമേതുമില്ലാത്ത അധികാര വർഗത്തിന്റെ കെടുകാര്യസ്ഥതയുടെ പ്രതീകം.ഐരാവതക്കുഴി പഞ്ചായത്തിലെ പാലത്തിലൂടെ നടന്ന് വരുമ്പോൾ അത് വഴി കടന്നുപോയ കാറിൽനിന്ന് തന്റെ അലക്കിത്തേച്ച ജൂബയിലേക്കും മുണ്ടിലേക്കും ചെളി തെറിച്ചപ്പോഴാണ് പഞ്ചായത്തംഗമായ ശിഖണ്ഡിപ്പിള്ളയ്ക്ക് ഒരാശയം തോന്നിയത്. കമഴ്ന്ന് വീണാൽ കാല്പണമെന്ന പ്രമാണത്തിൽ മുറുകെപ്പിടിക്കുന്ന ശിഖണ്ഡിപ്പിള്ള പഞ്ചായത്ത് പ്രസിഡന്റ് ദുശാസനക്കുറുപ്പിനോട് ആ ആശയം പങ്കുവച്ചു. പ്രസിഡന്റ് കുറുപ്പാണെങ്കിലും ഭരണം ഭാര്യ മണ്ഡോദരിയുടെതാണ്.
പഴയ പാലം പൊളിച്ച് പുതിയ പാലം പണിയുക. പാലത്തിന്റെ രണ്ടറ്റത്തും പ്രസിഡന്റിന്റെ പ്രതിമ സ്ഥാപിക്കുക.തന്ത്രങ്ങളേക്കാൾ കുതന്ത്രങ്ങൾ മെനയുന്ന ആളാണ് ശിഖണ്ഡിപ്പിള്ള .പഴയപാലം പൊളിക്കൽ കമ്മിറ്റി പുതിയ പാലം നിർമ്മാണക്കമ്മറ്റി അങ്ങനെ പലപല കമ്മിറ്റികളുണ്ടാക്കി കാശ് തട്ടാനുള്ള ശിഖണ്ഡിപ്പിള്ളയുടെ ആശയം ഇഷ്ടമായെങ്കിലും ഒരു കേടുമില്ലാത്ത പാലം പൊളിച്ചാൽ പൊതുജനത്തിന് വല്ല സംശയവും തോന്നുമോയെന്നായിരുന്നു ദുശാസനക്കുറുപ്പിന്റെ സംശയം.
ജനാധിപത്യത്തിന്റെ നിർവചനം
'കേടില്ലാത്തത് കേട് വരുത്തുന്നതാണ് ജനാധിപത്യം." പിള്ളയുടെ വിശദീകരണത്തിൽ കുറുപ്പ് തൃപ്തനായി. മണ്ഡോദരി പച്ചക്കൊടി കാണിച്ചതോടെ പാലം പൊളിക്കാനും കേടില്ലാത്ത പാലത്തിന് കേടുവരുത്താനുമുള്ള തന്ത്രങ്ങൾ മെനയുകയായി ഭരണപക്ഷം പിന്നീട്.
പ്രതിപക്ഷ കക്ഷിയായ ജനഗുണ പാർട്ടി (പു)യുടെ നേതാവ് ഇസഹാക്ക് തരകനും അണികളും ഭരണപക്ഷത്തിന്റെ രഹസ്യ നീക്കമറിഞ്ഞു. പഞ്ചായത്തംഗം റാഹേലിന്റെ ഭർത്താവും പണം കിട്ടിയാൽ എങ്ങോട്ടും ചായുന്ന അവസരവാദിയുമായ ഹാബേലായിരുന്നു ഭരണപക്ഷ നീക്കം പ്രതിപക്ഷത്തിന് ചോർത്തി നൽകിയത്.
അവിശ്വാസപ്രമേയം
പാലം പൊളിക്കുംമുൻപ് ഭരണം പൊളിക്കാൻ പ്രതിപക്ഷം അതൊരു ആയുധമാക്കി. പക്ഷേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം അഞ്ചിനെതിരെ ആറ് വോട്ടുകൾക്ക് ഭരണപക്ഷം അതിജീവിച്ചു.എക്സിക്യൂട്ടീവ് എൻജിനീയർക്ക് മദ്യസൽക്കാരം നൽകി പാലത്തിന് ബലക്ഷയമുണ്ടെന്ന് സർട്ടിഫിക്കറ്റ് വാങ്ങിച്ച ഭരണപക്ഷം പൊതുമരാമത്ത് മന്ത്രിയെയും കടമ്പകളേറെക്കടന്ന് വശത്താക്കി.
കോൺട്രാക്ടർ വൈശ്രവ പണിക്കരുടെ മകൻ ജീമൂതവാഹനന് പഴയ പാലം പൊളിക്കാനും പുതിയത് പണിയാനുമുള്ള കോൺട്രാക്ട് നൽകി.
പാലം പൊളിക്കുന്നത് വരെ ഗതാഗത നിയന്ത്രണത്തിനുള്ള ചുമതലയ്ക്കെത്തിയ പൊലീസുകാരൻ പാലത്തിനടുത്ത് താമസിക്കുന്ന കാപ്പി വില്പനക്കാരനായ ജഹാംഗീറിന്റെ മകൾ അനാർക്കലിയുമായി ഒളിച്ചോടി. ഒാടുംമുൻപ് പഞ്ചവടിയിലെ അഭിസാരികയായ പൂതനയ്ക്ക് ഉദരത്തിലൊരു കുഞ്ഞിനെ സമ്മാനിച്ച ശേഷമായിരുന്നു പൊലീസുകാരൻ പോയത്.
പാലം പൊളിക്കുമ്പോൾ കടത്ത് നടത്താനുള്ള അവകാശം ജഹാംഗീറിന് നൽകാമെന്ന ഉറപ്പ് കൊടുത്ത് ആ പ്രശ്നവും ഒതുക്കിത്തീർത്ത ഭരണപക്ഷത്തിന് പുതിയ പാലം പള്ളിയുടെ മുന്നിലൂടെ വേണമെന്ന പ്രതിപക്ഷാവശ്യം വീണ്ടും കീറാമുട്ടിയായി.
കിട്ടുന്ന പണം വീതിച്ചെടുക്കാമെന്ന ഉറപ്പിൽ ഒരു മദ്യസൽക്കാരത്തിൽ വച്ച് പ്രതിപക്ഷ കക്ഷികളുമയഞ്ഞു. പഴയ പാലം നിന്ന സ്ഥാനത്തുനിന്ന് മാറി അമ്പലത്തിനും പള്ളിക്കുമിടയ്ക്ക് പുതിയപാലം പണിയാനും തീരുമാനമായി.
പാലം പൊളിച്ചു
ആഘോഷപൂർവം പഴയപാലം പൊളിക്കപ്പെട്ടു. പുതിയ പാലം പണിയാനായി കൊണ്ടുവന്ന സിമന്റിന്റെ സിംഹഭാഗവും ദുശാസനക്കുറുപ്പിന്റെ വീട്ടിൽ പുതിയ കുളിമുറി കെട്ടാനും റാഹേലമ്മയ്ക്ക് പുതിയ കക്കൂസ് കെട്ടാനും ശിഖണ്ഡിപ്പിള്ളയ്ക്ക് പഞ്ചായത്ത് പതിച്ച് കൊടുത്ത സ്ഥലത്ത് കടമുറി പണിയാനുമാണുപയോഗിച്ചത്.ജീമൂത വാഹനനും ദുശാസനക്കുറുപ്പിന്റെ മകൾ പാഞ്ചാലിയുമായുള്ള കല്യാണമുറപ്പിച്ചു. കല്യാണവും പുതിയ പാലത്തിന്റെ ഉദ്ഘാടനവും ഒരേ ദിവസം. വിവാഹഘോഷയാത്രയോടൊപ്പം ഉദ്ഘാടനത്തിനെത്തിയ മന്ത്രിയും പരിവാരങ്ങളും പുതിയ പാലം തകർന്ന് പുഴയിലേക്ക് പതിക്കുന്നിടത്താണ് പഞ്ചവടിപ്പാലത്തിന്റെ കഥാന്ത്യം.മന്ത്രിമാരെ കാണാനും പ്രസംഗങ്ങൾ കേൾക്കാനും എന്നും കൊതിയോടെ കാത്തിരിക്കാറുള്ള വികലാംഗനായ കാത്തവരായന് ആ അപകടത്തിൽ സ്വജീവൻ തന്നെ നഷ്ടമായി.ഒരർത്ഥത്തിൽ പൊതുജനത്തിന്റെ പ്രതിനിധിയാണ് ശ്രീനിവാസൻ അവതരിപ്പിച്ച കഥാപാത്രം.
സേവനമെന്ന പേരിൽ ജനങ്ങളോട് ദ്റോഹം മാത്രം ചെയ്യുന്ന ഭരണപ്രതിപക്ഷ പാർട്ടികളുടെ അധികാരക്കൊതിയും പണക്കൊതിയും നഷ്ടങ്ങളുടെ കണക്കുകൾ മാത്രം അവശേഷിപ്പിച്ചു ഒടുക്കം.
പാലം അപകടത്തിൽ
വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കി കെ.ജി. ജോർജ് രചനയും സംവിധാനവും നിർവഹിച്ച പഞ്ചവടിപ്പാലത്തിന് സംഭാഷണമെഴുതിയത് പ്രശസ്ത കാർട്ടൂണിസ്റ്റായിരുന്ന യേശുദാസനാണ്. ഗാന്ധിമതി ഫിലിംസിന്റെ ബാനറിൽ ബാലൻ നിർമ്മിച്ച പഞ്ചവടിപ്പാലത്തിന് ഛായാഗ്രഹണം നിർവഹിച്ചത് ഷാജി (ഷാജി എൻ. കരുൺ)യാണ്. ഭരത് ഗോപിയാണ് ദുശാസനക്കുറുപ്പിനെ അവതരിപ്പിച്ചത്. ശ്രീവിദ്യ മണ്ഡോദരിയെയും നെടുമുടി വേണു ശിഖണ്ഡിപ്പിള്ളയെയും സുകുമാരി റാഹേലമ്മയെയും ജഗതി ശ്രീകുമാർ ഹാബേലിനെയും തിലകൻ ഇസഹാക്ക് തരകനെയും ആലുംമൂടൻ യൂദാസ് കുഞ്ഞിനെയും ഇന്നസെന്റ് ബറാബാസിനെയും വേണുനാഗവള്ളി ജീമൂതവാഹനനെയും കെ.പി. ഉമ്മർ ജഗാംഗീറിനെയും കല്പന അനാർക്കലിയെയും അവതരിപ്പിച്ചു. എം.ബി. ശ്രീനിവാസനാണ് പഞ്ചവടിപ്പാലത്തിന് സംഗീത സംവിധാനം നിർവഹിച്ചത്.
കാലത്തിനു മുൻപേ വന്ന സിനിമ : കെ. ജി ജോർജ്
" പാലാരിവട്ടം പാലം വിവാദം ഉയർന്നപ്പോൾ പഞ്ചവടിപ്പാലത്തെ എല്ലാവരും ഒാർത്തു. കാലത്തിനു മുൻപേ വന്ന സിനിമയാണ് പഞ്ചവടിപ്പാലം. എന്റെ അഭിമാന സിനിമയാണത്. ആ സിനിമയിൽ സംഭവിച്ചതുപോലെ പാലാരിവട്ടം പാലവും തകർന്നു. പഞ്ചവടിപ്പാലത്തിന്റെ എക്കാലത്തെയും ഉദാഹരണമാണ് പാലാരിവട്ടം പാലം. വേളൂർ കൃഷ്ണകുട്ടിയുടെ കഥയാണ് ചലച്ചിത്രത്തിന് ആധാരം. കോട്ടയമായിരുന്നു ലൊക്കേഷൻ. ഇപ്പോൾ ചാനലിൽ വരുമ്പോൾ ആളുകൾ വിളിക്കാറുണ്ട്.മലയാളത്തിലെ ആദ്യ ആക്ഷേപ ഹാസ്യ ചിത്രമാണ് പഞ്ചവടിപ്പാലം.എല്ലാ താരങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു. ആരാണ് കൂടുതൽ മികച്ചതെന്ന് പലരും ചോദിച്ചു. അതിന്റെ മറുപടി എനിക്ക് അറിയില്ല." കെ.ജി. ജോർജ് പറഞ്ഞു. മലയാള സിനിമയിൽ അടൂർ ഗോപാലകൃഷ്ണനും ജി. അരവിന്ദനും ഒപ്പം നിറുത്തേണ്ട അതുല്യ സംവിധായകനാണ് കെ.ജി. ജോർജ്. ഇപ്പോൾ കൊച്ചിയിൽ വിശ്രമജീവിതത്തിലാണ്.
പാലം പൊളിക്കരുതെന്ന് നാട്ടുകാർ:ഗാന്ധിമതി ബാലൻ
സിനിമയ്ക്കായി തയ്യാറാക്കിയ പഞ്ചവടിപ്പാലം പൊളിക്കാൻ അനുവദിക്കില്ലെന്ന് അന്നു നാട്ടുകാർ വാശി പിടിച്ചു. പാലം തകരുന്നതാണ് ക്ളൈമാക് സ്. വാശി പിടിച്ച നാട്ടുകാരെ ഒടുവിൽ അനുനയിപ്പിക്കേണ്ടി വന്നു. അത്രമാത്രം വികാരമായിരുന്നു നാട്ടുകർക്ക് ആ പാലം. സിനിമയ്ക്കുവേണ്ടി സെറ്റിട്ടതാണ് പാലം. പുതിയകാല രാഷ്ട്രീയ സംഭവവികാസങ്ങളിൽ പഞ്ചവടിപ്പാലം ചർച്ചാവിഷയമാകുന്നു. നിർമാതാവ് എന്ന നിലയിൽ എന്നും അഭിമാനിക്കാവുന്ന ചിത്രം.