തിരുവനന്തപുരം: സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തിറക്കിയതിന് പിന്നിൽ മുഖ്യമന്ത്രിയുടെ ആളുകളാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആരോപിച്ചു. എങ്ങനെയാണ് ജയിലിൽ നിന്ന് സ്വപ്നയ്ക്ക് ഓഡിയോ ഇറക്കാനായതെന്ന് ജയിൽ ഡി.ജി.പി വ്യക്തമാക്കണം. എൻ.ഡി.എയുടെ തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇലക്ട്രോണിക് ഉപകരണങ്ങൾ എങ്ങനെയാണ് ജയിലിൽ ഉപയോഗിക്കാൻ കഴിയുന്നത്?
ആരൊക്കെ സ്വപ്നയെ കണ്ടു? എഡിറ്റ് ചെയ്യാത്ത സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവിടാൻ ഡി.ജി.പി തയ്യാറാണോ?
സ്വപ്നയുമായി മുഖ്യമന്ത്രിക്കും ധനകാര്യ മന്ത്രിക്കും അടുത്ത ബന്ധമുണ്ടെന്നും സുരേന്ദ്രൻ ആരോപിച്ചു.
സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം യാദൃച്ഛികമല്ലെന്ന് ബി.ജെ.പി നേരത്തെ പറഞ്ഞിരുന്നതാണ്. പൂർണമായ ഫോറൻസിക് ഫലം അതുശരിവയ്ക്കുന്നു. സ്വപ്നയും ശിവശങ്കറും വിദേശത്ത് പോയതിന്റെ തെളിവുകളുള്ളതുകൊണ്ടാണ് പ്രോട്ടോകോൾ വിഭാഗത്തിലെ ഫയലുകൾ കത്തിച്ചത്.
അഴിമതിയുടെ കാണാക്കയത്തിലേക്ക് മുഖ്യമന്ത്രിയും ഒാഫീസും മന്ത്രിമാരും പതിച്ചു കഴിഞ്ഞു. മുൻമന്ത്രിയും എം.എൽ.എയും ജയിലിലായതോടെ യു.ഡി.എഫും അതേ പാതയിലാണെന്നും സുരേന്ദ്രൻ പറഞ്ഞു.