
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതാണെന്ന് പറഞ്ഞ് പുറത്തുവന്നിരിക്കുന്ന ശബ്ദരേഖയ്ക്ക് പിന്നിൽ ആസൂത്രിത തിരക്കഥയുണ്ടെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയുടെ പേര് പറയാൻ നിർബന്ധിക്കുന്നതായാണ് സ്വപ്നയുടെ ശബ്ദസന്ദേശത്തിന്റെ ഉള്ളടക്കം.സ്വപ്ന ജയിലിലാണ്. കേരളത്തിലെ ആഭ്യന്തര വകുപ്പിന് കീഴിലാണ് ജയിലുകൾ. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. രണ്ട് മാസങ്ങൾക്ക് മുമ്പുള്ളതാണ് ശബ്ദസന്ദേശമെങ്കിൽ അന്നെന്താണ് പുറത്തുവിടാത്തതെന്നും മുരളീധരൻ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ടായ തിരക്കഥയുടെ ഭാഗമാണ് ശബ്ദരേഖ. ശബ്ദരേഖ പുറത്തുവന്നയുടനെ സി.പി.എമ്മിന്റെ പ്രസ്താവനയും വന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
കേന്ദ്ര അന്വേഷണങ്ങളെത്തുടർന്ന് സംസ്ഥാനസർക്കാരിനും പാർട്ടിക്കും കേന്ദ്രത്തിന്റെ നിഴലിനെ കാണുന്നത് പോലും പേടിയാണ്. സി.എ.ജി.ക്കെതിരായ ധനമന്ത്രി തോമസ് ഐസക്കിന്റെ ആക്ഷേപങ്ങൾ ഇതാണ് കാണിക്കുന്നത്. കിഫ്ബിമുഖേനയുള്ള പദ്ധതികൾ പ്രഖ്യാപിക്കുന്നത് ബഡ്ജറ്റിൽ, വായ്പ തിരിച്ചടയ്ക്കേണ്ട അന്തിമബാദ്ധ്യത സർക്കാരിന്. പക്ഷേ കിഫ്ബി സർക്കാർസ്ഥാപനമല്ല കോർപറേറ്റാണെന്നാണ് നിലപാട്. ഇതിലെ കള്ളത്തരം മനസിലാക്കാൻ സി.എ.ജി ഒാഡിറ്റ് വേണ്ട, സാധാരണക്കാരന്റെ ബുദ്ധിതന്നെ മതി.ഇത് പുറത്തുവരുന്നതാണ് ധനമന്ത്രിയുടെ വെപ്രാളത്തിന് പിന്നിലെന്നും മുരളീധരൻ പറഞ്ഞു.