kovalam

കോവളം: തിരക്കേറിയ ആഴാകുളം വിഴിഞ്ഞം റോഡിലെ ആഴമേറിയ കുഴി യാത്രക്കാർക്ക് അപകടത്തിനിടയാക്കുന്നു. പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായ റോഡിലെ കുഴിയിൽ സ്‌കൂട്ടർ അടക്കമുള്ള വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടത്തിൽപ്പെടുന്നത് പതിവാണ്. ആറുമാസത്തിനിടെ 30 ൽ പ്പരം ഇരുചക്രവാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെട്ടുവെന്ന് സമീപവാസികൾ പറഞ്ഞു. കോവളം ബൈപ്പാസിൽ നിന്ന് വരുന്ന വാഹനങ്ങൾ അനുബന്ധ സർവീസ് റോഡ് വഴിയാണ് ആഴാകുളം അടിപ്പാതയിലെത്തുക. ഇവിടം കടന്നാണ് തമിഴ്നാട്, വിഴിഞ്ഞമടക്കമുള്ള ഭാഗങ്ങളിലേക്ക് പോകുന്ന പ്രധാന റോഡിലേക്ക് പോകുന്നത്.

മഴപെയ്താൽ ഈ കുഴിയിൽ മുട്ടോളം വെള്ളം നിറയും. ഇതറിയാതെ കടന്നെത്തുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലും അപകടത്തിലാവുന്നത്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് കല്ലുമായി പോകുന്ന ട്രക്കുകളും ഇവിടത്തെ ആഴകുഴിയിൽപ്പെടുന്നതും പതിവാണ്. പലപ്പോഴും ഈ ഭാരം കയറ്റി വരുന്ന ഈ ട്രക്കുകളും മറ്റ് ചരക്ക് വാഹനങ്ങളും ഈ കുഴിയിൽപ്പെട്ട് ടയർപൊട്ടുന്നതും നിത്യസംഭവമായി മാറി. ഇക്കാരണത്താൽ പലപ്പോഴും ഗതാഗതകുരുക്കുമുണ്ടാകാറുണ്ട്. പൊട്ടിത്തകർന്ന റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.