ksu

പാറശാല: ദളിത് പീഡനങ്ങൾക്ക് അറുതി വരുത്തുക, കുറ്റവാളികളെ സംരക്ഷിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതത്വം ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.യു നെയ്യാറ്റിൻകര നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരോട് ചാരോട്ടുകോണം മുതൽ ഉദിയൻകുളങ്ങര വരെ നീതിയാത്ര സംഘടിപ്പിച്ചു. ചാരോട്ടുകോണം ജംഗ്‌ഷനിൽ നടന്ന ചടങ്ങിൽ ചെങ്കൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി. ശ്രീധരൻ നായർ ജാഥക്യാപ്ടൻ എസ്.കെ. അരുണിന് ഫ്ലാഗ് കൈമാറി യാത്ര ഉദ്ഘാടനം ചെയ്‌തു. ഉദിയൻകുളങ്ങര ജംഗ്‌ഷനിൽ നടന്ന സമാപനസമ്മേളനം ആർ. സെൽവരാജ് ഉദ്ഘാടനം ചെയ്‌തു. ജാഥക്യാപ്ടനും കെ.എസ്.യു നെയ്യാറ്റിൻകര നിയോജക മണ്ഡലം പ്രസിഡന്റുമായ എസ്.കെ. അരുൺ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ലാ ഭാരവാഹികളായ അഡ്വ. എ.പി. വിഷ്ണു, അഡ്വ. ജി.ജി. പ്രഗീത്, പൊൻവിള സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സി. റാബി, കാരോട് മണ്ഡലം പ്രസിഡന്റ് എൻ. സിദ്ധാർത്ഥൻ നായർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ മിത്രകുമാർ, നാഹൂർകണ്ണ്, പൊന്നുമണി, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ എസ്.കെ. അനു, പൊൻവിള ജെറീഷ്, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രമോദ്‌ എന്നിവർ സംസാരിച്ചു.