ആറ്റിങ്ങൽ: തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ പഠിക്കുന്ന മൂന്ന് കുട്ടികളുടെ വീട്ടിൽ ദീപാവലി സമ്മാനമായി വെളിച്ചം എത്തിച്ച് കേഡറ്റുകൾ മാതൃകയായി. വൈദ്യുതി ഇല്ലാത്തത് കാരണം പഠിക്കാനോ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാനോ കഴിയാതിരുന്ന ഏഴിലും നാലിലും രണ്ടിലും പഠിക്കുന്ന മൂന്നു കുട്ടികൾ അടങ്ങിയ കുടുംബത്തിനാണ് വൈദ്യുതി എത്തിച്ചത്. പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് വീടിനടുത്തേക്ക് വൈദ്യുതി എത്തിക്കുന്നതിനും വീട്ടിൽ വൈദ്യുതി കണക്‌ഷൻ എടുക്കുന്നതിനുമുള്ള ചെലവ് പൂർണമായും അവനവഞ്ചേരി സ്കൂളിലെ സ്റ്റുഡന്റ് പൊലീസ് ഏറ്റെടുക്കുകയായിരുന്നു. തിരുവനന്തപുരം റൂറൽ ജില്ലയിലെ സ്റ്റുഡന്റ് പൊലീസ് ചിൽഡ്രൻസ് ഡേ ചലഞ്ചിനോടനുബന്ധിച്ച് ദീപാവലി സമ്മാനമായിട്ടാണ് വെളിച്ചം എത്തിക്കാൻ തീരുമാനിച്ചത്. അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ടി.ടി. അനിലാറാണി സ്വിച്ച് ഓൺ ചെയ്തു. എസ്.പി.സി. തിരുവനന്തപുരം റൂറൽ ജില്ല അസിസ്റ്റന്റ് നോഡൽ ഓഫീസർ ടി.എസ്. അനിൽകുമാർ, സ്കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് കെ. ശ്രീകുമാർ, മോഡൽ ഫുഡ് പ്രോഡക്ട്സ് ഉടമ മുഹമ്മദ് സാലി, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ എൻ. സാബു, ആർ.ജെ. ഷിജു, കെ. ഹരികുമാർ, പോൾ നെൽസൺ, കേഡറ്റുകൾ എന്നിവർ പങ്കെടുത്തു.