swapna-suresh-

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി)​ നിർബന്ധിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ ശബ്ദസന്ദേശം പുറത്തായതിനു പിന്നാലെ,​ ആ ശബ്ദം തന്റേതു തന്നെയെന്ന് സ‌്വപ്ന പറഞ്ഞത് രാഷ്ട്രീയ യുദ്ധങ്ങൾക്കു വഴിതുറക്കുന്നു. മുഖ്യമന്ത്രിയെയും സർക്കാരിനെയും പ്രതിരോധത്തിലാക്കുന്ന ശബ്‌ദരേഖയ്‌ക്കു പിന്നിൽ കേന്ദ്ര അന്വേഷണ ഏജൻസികളാണെന്ന് സി.പി.എമ്മും,​ എല്ലാം മുഖ്യമന്ത്രിയുടെ തിരക്കഥയെന്ന് ബി.ജെ.പിയും ആരോപിക്കുകയും,​ സ്വർണക്കടത്ത് പ്രതികളും മുഖ്യമന്ത്രിയുമായുള്ള ഗാഢബന്ധത്തിനു തെളിവാണ് ശബ്ദരേഖയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പിനു തൊട്ടു മുൻപ് പുതിയ വിവാദങ്ങൾക്ക് തട്ടകമൊരുങ്ങി.

എഡിറ്റ് ചെയ്തതെന്നു കരുതപ്പെടുന്ന സ്വപ്നയുടെ ശബ്ദസന്ദേശം ബുധനാഴ്ച രാത്രിയാണ് സ്വകാര്യ വാർത്താ പോർട്ടൽ പുറത്തുവിട്ടത്.ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജി അജയകുമാർ സ്വപ്നയെ പാർപ്പിച്ചിരിക്കുന്ന അട്ടക്കുളങ്ങര ജയിലിലെത്തി ഇന്നലെ നടത്തിയ അന്വേഷണത്തിൽ ശബ്ദം സ്വപ്നയുടേതു തന്നെയെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇക്കാര്യം സ്വപ്ന സമ്മതിച്ചതായി ഡി.ഐ.ജി വെളിപ്പെടുത്തുകയായിരുന്നു. എന്നാൽ, സന്ദേശം റെക്കാർഡ് ചെയ്തത് എന്നാണെന്നോ ആരാണെന്നോ അറിയില്ലെന്നാണ് സ്വപ്നയുടെ മൊഴി. ഇക്കാര്യങ്ങൾ വ്യക്തമാകാൻ സൈബർ അന്വേഷണം ആവശ്യപ്പെട്ട് ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് സംസ്ഥാന പൊലീസ് മേധാവിക്ക് കത്തു നൽകുകയും ചെയ്തു.

അതേസമയം,​ ശബ്ദം തന്റേതു തന്നെയെന്ന് സ്വപ്ന സമ്മതിച്ച സാഹചര്യത്തിൽ കുറ്റകൃത്യമായി കരുതാനാകില്ലെന്നത് കേസെടുത്ത് അന്വേഷണം നടത്തുന്നതിൽ പൊലീസിനു തടസ്സമായേക്കും. കേസ് സാദ്ധ്യമാണോ എന്ന കാര്യത്തിൽ പൊലീസ് നിയമോപദേശം തേടും. രാഷ്ട്രീയ ആക്ഷേപങ്ങൾക്ക് മൂർച്ച കൂടിയതോടെ ശബ്ദരേഖയുടെ ഉറവിടത്തെക്കുറിച്ച് ഇ.ഡിയും അന്വേഷണം തുടങ്ങി.

സ്വർണക്കടത്ത് അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലെ ചിലരിലേക്കു നീങ്ങുന്ന സാഹചര്യത്തിൽ അന്വേഷണം വഴി തെ​റ്റിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണോ ശബ്ദരേഖ പുറത്തുവന്നത് എന്നും ഇ.ഡി സംശയിക്കുന്നു.

ഒക്ടോബർ 14 നാണ് സ്വപ്നയെ കൊച്ചിയിൽ നിന്ന് അട്ടക്കുളങ്ങര ജയിലിലെത്തിച്ചത്. കൊഫെപോസ ചുമത്തിയതിനാൽ ഇതുവരെ പുറത്തു കൊണ്ടുപോയിട്ടില്ല. നവംബർ രണ്ടിന് വിജിലൻസും മൂന്നിനും പത്തിനും ഇ.ഡിയും 18 ന് കസ്റ്റംസും ചോദ്യം ചെയ്തു. ബുധനാഴ്ച മാത്രമാണ് സന്ദർശകരെ അനുവദിച്ചിട്ടുള്ളത്. അമ്മ, സഹോദരൻ, ഭർത്താവ്, രണ്ടു മക്കൾ എന്നിവർക്ക് കസ്റ്റംസ്, ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ മാത്രമാണ് കാണാനാവുക. കഴിഞ്ഞ മൂന്ന് ബുധനാഴ്ചകളിലും ബന്ധുക്കൾ സ്വപ്നയെ കണ്ടിട്ടുണ്ട്. സന്ദ‌ർശകരുടെ മൊബൈൽ ഫോണുകൾ ജയിൽ കവാടത്തിനപ്പുറത്തേക്ക് അനുവദിക്കില്ല. ഇതിനിടെ ജയിലിനുള്ളിൽ വച്ച് ആര്,​ എങ്ങനെ സ്വപ്നയുടെ സന്ദേശം റെക്കാ‌ർഡ് ചെയ്തുവെന്നതാണ് ദുരൂഹം.

വിളിക്കാവുന്നത് മൂന്ന് നമ്പരിലേക്ക്

ഫോൺ ചെയ്യാൻ സ്വപ്‌നയ്‌ക്ക് അനുമതിയുള്ളത് ഭർത്താവ്, അമ്മ, മകൾ എന്നിവരുടെ നമ്പറുകളിലേക്കു മാത്രം. കാളുകൾ രജിസ്റ്ററിൽ രേഖപ്പെടുത്തും. സെല്ലിൽ സ്വപ്നയ്ക്കൊപ്പം ഒരു തടവുകാരിയുണ്ട്. മുഴുവൻ സമയവും കാവൽ. നിരീക്ഷണത്തിന് സിസി ടിവി കാമറ. സെല്ലിലേക്ക് ഫോണോ റെക്കാർഡറോ എത്തിക്കാനാവില്ല.

"ശബ്ദരേഖയിൽ കൃത്രിമമുണ്ടെന്നാണ് സംശയം. ജയിലിൽ റെക്കാർഡിംഗിന് സാദ്ധ്യതയില്ല. ഫോൺ വിളിച്ചപ്പോൾ റെക്കാർഡ് ചെയ്തതാവാം."

-ഋഷിരാജ് സിംഗ്, ജയിൽ മേധാവി