തിരുവനന്തപുരം: സംസ്ഥാനത്തെ കൊവിഡ് പരിശോധനയ്ക്കുള്ള ലാബുകളുടെ എണ്ണം രണ്ടായിരം കടന്നു. നിലവിൽ 2113 ലാബുകളിൽ സേവനം ലഭ്യമാണെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതിൽ 1425 സർക്കാർ ലാബുകളും 688 സ്വകാര്യ ലാബുകളുമാണ് ഉൾപ്പെടുന്നത്. 57 ലാബുകളിൽ ആർ.ടി.പി.സി.ആർ, 31 ലാബുകളിൽ സിബി നാറ്റ്, 68 ലാബുകളിൽ ട്രൂനാറ്റ്, 1957 ലാബുകളിൽ ആന്റിജൻ എന്നീ പരിശോധനകളാണ് നടത്തുന്നത്. സംസ്ഥാനത്ത് ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്ത ജനുവരി 30ന് ആലപ്പുഴ എൻ.ഐ.വിയിൽ മാത്രമുണ്ടായിരുന്ന കൊവിഡ് പരിശോധനാ സംവിധാനം ഇപ്പോൾ സംസ്ഥാനം മുഴുവൻ ലഭ്യമാണ്. ഇതുവരെ സംസ്ഥാനത്ത് 56 ലക്ഷത്തിലധികം പരിശോധനകളാണ് നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം 73,000 വരെ ഉയർന്നു.
ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് കൊറോണ സർവയലൻസിന്റെ ലാബ് സർവയലൻസ് ആൻഡ് റിപ്പോർട്ടിംഗ് ടീമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകുന്നത്. സർക്കാർ ലാബുകളിലേയും സ്വകാര്യ ലാബുകളിലേയും പരിശോധനകൾ ഏകീകൃത ഓൺലൈൻ സംവിധാനമായ ലബോറട്ടറി ഡയഗ്നോസിസ് ആൻഡ് മാനേജ്മെന്റ് സിസ്റ്റം (എൽ.ഡി.എം.എസ്) പോർട്ടൽ വഴിയാണ് ഏകോപിപ്പിക്കുന്നത്. ഇതനുസരിച്ചാണ് പോസിറ്റീവ് പരിശോധനാ ഫലങ്ങൾ ആരോഗ്യ പ്രവർത്തകർ അറിയിക്കുന്നത്. മൊബൈലിലൂടെ പരിശോധനാ ഫലങ്ങൾ എത്തിക്കുന്ന പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. ഇതിലൂടെ ജനങ്ങൾക്ക് ഫലം നേരിട്ടറിയാൻ സാധിക്കും.
കൊവിഡ്: പത്ത് വർഷം
വരെ തടവു ലഭിച്ചവർക്കും
പരോളിന് ശുപാർശ
*വിചാരണത്തടവുകാർക്കും നൽകണമെന്ന് ഉന്നതാധികാര സമിതി
കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പത്ത് വർഷം വരെ തടവു ശിക്ഷ ലഭിച്ച പ്രതികൾക്കും, അത്തരം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചെയ്ത വിചാരണത്തടവുകാർക്കും പരോളോ ജാമ്യമോ അനുവദിക്കണമെന്ന് ഹൈക്കോടതി ജഡ്ജി അദ്ധ്യക്ഷനായ ഉന്നതാധികാര സമിതി സർക്കാരിന് ശുപാർശ നൽകി.
മയക്കുമരുന്ന്, പോക്സോ, ലൈംഗികാതിക്രമ കേസുകളിൽ പ്രതികളായവരും ഹൈവേകളിൽ പിടിച്ചുപറി നടത്തിയവരുമൊഴികെയുള്ള പ്രതികൾക്കാണ് ഇളവിന് ശുപാർശ. ജയിൽ ഡി.ജി. പി ഇൗ ആവശ്യമുന്നയിച്ച് നൽകിയ കത്താണ് ജസ്റ്റിസ് സി.ടി. രവികുമാർ അദ്ധ്യക്ഷനായ സമിതി പരിഗണിച്ചത്. അഡി. ചീഫ് സെക്രട്ടറി ടി.കെ. ജോസ്, ജയിൽ ഡി.ജി.പി ഋഷിരാജ്സിംഗ് എന്നിവരാണ് അംഗങ്ങൾ. ഇനി സർക്കാരാണ് തീരുമാനമെടുക്കേണ്ടത്.
പത്തു വർഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ച 869 തടവുകാരാണ് വിവിധ ജയിലുകളിലുള്ളത്. നിലവിൽ ഏഴു വർഷം വരെ തടവുശിക്ഷയ്ക്ക് വിധിച്ച തടവുകാർക്കും വിചാരണത്തടവുകാർക്കുമാണ് പരോൾ അനുവദിച്ചിട്ടുള്ളത്.കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതു കൊണ്ടു മാത്രം ജയിലുകളിൽ സാമൂഹ്യ അകലം ഉൾപ്പെടെ പാലിക്കാൻ കഴിയില്ലെന്നും തിരുവനന്തപുരം സെൻട്രൽ ജയിലിൽ ഉൾപ്പെടെ കൊവിഡ് ബാധയെത്തുടർന്നുള്ള ബുദ്ധിമുട്ട് രൂക്ഷമാണെന്നും കത്തിൽ പറയുന്നു.