തിരുവനന്തപുരം: നഗരസഭാ തിരഞ്ഞെടുപ്പിനിടെ ചുവരെഴുത്തിലെ കൗതുകത്തിൽ വ്യത്യസ്തമാവുകയാണ് ചാല വാർഡ്. മലയാളെ കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷ സംസാരിക്കുന്ന വോട്ടർമാർക്കായി അവരുടെ ഭാഷകളിലൊരുക്കിയ ചുവരെഴുത്താണ് ഇവിടത്തെ പ്രത്യേകത.
ജില്ലയിലെ പ്രധാന കമ്പോളമായ ചാലയിൽ കച്ചവടത്തിനെത്തിയ തമിഴ്നാട്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, രാജസ്ഥാൻ സ്വദേശികൾ പിന്നീട് ഇവിടെ സ്ഥിരതാമസമാക്കി. അവരിൽ പലർക്കും ഇവിടെ വോട്ടുമുണ്ട്. അവരിൽ പലർക്കും മലയാളം പച്ചവെള്ളമാണ്. എങ്കിലും അവരെ സ്വാധീനിക്കുകയാണ് അന്യഭാഷാ ചുവരെഴുത്തിലൂടെ ലക്ഷ്യമിടുന്നത്.
7350 വോട്ടർമാരാണ് ചാലയിലുള്ളത്. ഇതിൽ 3500 പേർ തമിഴ് വിഭാഗക്കാരാണ്. 500 പേർ ആന്ധ്രാക്കാർ. 400 പേർ ഹിന്ദിക്കാർ. പ്രചാരണത്തിലും ഭാഷാ വൈവിദ്ധ്യം കാണാം. മലയാളം അറിയാത്ത പുതുതലമുറക്കാർ ആരെങ്കിലുമുണ്ടെങ്കിൽ അവരുടെ ഭാഷയിൽ വോട്ട് ചോദിക്കുകയാണ് സ്ഥാനാർത്ഥികളും കൂടെയുള്ളവരും. വോട്ടിംഗ് മെഷീനിൽ സ്ഥാനാർത്ഥികളുടെ പേര് മലയാളത്തിൽ മാത്രമേ രേഖപ്പെടുത്തൂ. അതിനാൽ, മലയാളം അറിയാത്തവർ ചിഹ്നം നോക്കിയാണ് വോട്ടിടുന്നത്.
കൊത്തുവാൾ സ്ട്രീറ്റ്, സായ്വർ തെരുവ്, വലിയശാല, സഭാവതി, മരക്കട, ചെന്തിട്ട എന്നിവിടങ്ങളിലും തമിഴരും മറാഠികളും ഗുജറാത്തികളുമെല്ലാമുണ്ട്. സ്ഥാനാർത്ഥിയുടെ പോസ്റ്ററുകളും അഭ്യർത്ഥന നോട്ടീസെല്ലാം പല ഭാഷകളിലാണ് ഇവിടെ ഇറക്കുന്നത്.