thomas-

റിപ്പോർട്ട് മന്ത്രി കാണുന്നതിൽ അപാകതയില്ല

തിരുവനന്തപുരം: സി.എ.ജി റിപ്പോർട്ട് ഗവർണർ വഴി നിയമസഭയിൽ സമർപ്പിച്ചശേഷമേ പൊതുമണ്ഡലത്തിൽ പ്രസിദ്ധീകരിക്കാവൂ എന്ന് വ്യവസ്ഥയുണ്ടെങ്കിലും അതിനുമുമ്പ് ധനമന്ത്രിയോ ധനവകുപ്പ് സെക്രട്ടറിയോ കാണുന്നതിൽ അപാകതയില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പത്രസമ്മേളനത്തിൽ പറഞ്ഞു.

സി.എ.ജി ചട്ടങ്ങൾ ലംഘിക്കാൻ പാടില്ല. സി.എ.ജിക്ക് അവകാശങ്ങളുള്ളതുപോലെ കടമകളുമുണ്ട്.നിഗമനങ്ങൾ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കാൻ ഭരണഘടന അധികാരവും അവകാശവും നൽകുന്നില്ല. സർക്കാരുമായി ചർച്ചപോലും ചെയ്യാത്ത കാര്യങ്ങൾ എഴുതി തയ്യാറാക്കിയിട്ട് അത് നിയമസഭയുടെ മേശപ്പുറത്ത് വെച്ച് ചർച്ച ചെയ്യണമെന്ന് പറയുന്നത് ശരിയല്ല. ഇത് സഭയുടെ അവകാശ ലംഘനമാണ്. എന്റെ പേരിലുള്ള അവകാശ ലംഘനത്തേക്കാൾ വലിയ പ്രശ്നമാണ് നടക്കുന്നത്. സ്പീക്കർക്ക് കൃത്യമായ മറുപടി നൽകും.സി.എ.ജി റിപ്പോർട്ടിന്റെ ക്രമവിരുദ്ധത ചൂണ്ടിക്കാട്ടും.

സി.എ.ജിയുടെ നിലപാടിനെ നിയമപരമായും ഭരണപരമായും ജനങ്ങളെ സംഘടിപ്പിച്ചും എതിർക്കും. കിഫ്ബി മാതൃകയെ എതിർക്കുകയാണെങ്കിൽ റവന്യൂ വരുമാനം ലഭിക്കാത്ത സ്കൂൾ കെട്ടിടം, ആശുപത്രി, റോഡുകൾ എന്നിവ എങ്ങനെ നിർമ്മിക്കുമെന്ന് യു.ഡി.എഫ് വ്യക്തമാക്കണം.നേരത്തെ ഓഡിറ്ര് ടീമും കിഫ്ബി ഉദ്യോഗസ്ഥരും ചർച്ച നടത്തിയപ്പോൾ നൽകിയ രേഖയിൽ കിഫ്ബി ബഡ്ജറ്റിന് പുറത്ത് എടുക്കുന്ന വായ്പയെക്കുറിച്ചുള്ള രണ്ടു ഖണ്ഡിക പരാമർശം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോഴത് നാല് പേജായി മാറിയതെങ്ങനെ. മസാല ബോണ്ട് മാത്രമല്ല, കിഫ്ബിയുടെ എല്ലാ വായ്പകളും ഭരണഘടനാ വിരുദ്ധമെന്നാണ് നിഗമനം.

സി.എ.ജി ധനസെക്രട്ടറിയെ കുറ്രപ്പെടുത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണെന്നും ഐസക് പറഞ്ഞു.

സി.എ.ജി ഓഫീസ് വ്യാജവാ‌ർത്ത ചമയ്ക്കുകയാണെന്നും മന്ത്രി കുറ്രപ്പെടുത്തി. മസാല ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് രേഖപ്പെടുത്തുമെന്ന കാര്യം ധനവകുപ്പിനെ അറിയിച്ചുവെന്ന കാര്യം ശുദ്ധകളവാണ്. മസാല ബോണ്ടിന് റിസർവ് ബാങ്ക് അനുവാദം നൽകിയത് ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നാണ് സി.എ.ജി പറയുന്നത്. റിസർവ് ബാങ്ക് മസാല ബോണ്ടിനെ അംഗീകരിച്ചിരുന്നുവെന്ന് സി.എ.ജി സമ്മതിക്കുന്നതിൽ നന്ദിയുണ്ടെന്നും മന്ത്രി പറഞ്ഞു.