തിരുവനന്തപുരം: കൊച്ചി മെട്രോ റെയിലിനുവേണ്ടി ഏറ്റെടുത്ത ശീമാട്ടി വസ്ത്ര വ്യാപാരശാലയുടെ ഭൂമിക്ക് അമിതവില നൽകിയെന്ന പരാതിയിൽ അന്നത്തെ എറണാകുളം ജില്ലാ കളക്ടർ എം.ജി.രാജമാണിക്യത്തിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ അനുമതി നൽകി. കളമശ്ശേരി സ്വദേശി നൽകിയ പരാതിയിലാണ് അന്വേഷണം.രാജമാണിക്യം നിലവിൽ കെ.എസ്.ഐ.ടി.ഐ.എൽ എം.ഡിയാണ്.
സർക്കാർ കണക്കാക്കിയ വിപണി വിലയെക്കാൾ കൂടിയ തുകയ്ക്കാണ് ശീമാട്ടിയുമായി കരാർ ഉണ്ടാക്കിയതെന്നാണ് ആരോപണം. വിജിലൻസിന്റെ തീരുമാനം മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. സ്ഥലമേറ്റെടുപ്പിന്റെ വ്യവസ്ഥകളിൽനിന്ന് വ്യതിചലിച്ചതിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
മെട്രോ റെയിലിന് വേണ്ടി ഭൂമി ഏറ്റെടുക്കുന്നത് വലിയ വിവാദമായതാണ്. ഭൂമി ആദ്യമൊക്കെ വിട്ടുകൊടുക്കുവാൻ ശീമാട്ടിക്ക് സമ്മതമല്ലായിരുന്നു. പിന്നീട് എറണാകുളം ജില്ലാ കളക്ടർ എന്ന നിലയിൽ രാജമാണിക്യവും ഉടമകളും തമ്മിൽ ഉണ്ടാക്കിയ വിവാദ എഗ്രിമെന്റാണ് വിജിലൻസ് കേസിന് ആധാരം.
പൊതുപ്രവർത്തകനായ ഗിരീഷ് ബാബുവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്. 2016 ഫെബ്രുവരി 26 ന് തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ എസ്.പി പി.വി. ചാക്കോ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കി. അഴിമതിനിരോധന വകുപ്പ് പ്രകാരം കേസ് എടുക്കുവാനുള്ള കാര്യങ്ങൾ ഒന്നും ഇല്ലെന്നായിരുന്നു റിപ്പോർട്ട്. വിശദമായ വാദം കേട്ട അന്നത്തെ വിജിലൻസ് ജഡ്ജ് വീണ്ടും അന്വേഷിക്കുവാനും സംസ്ഥാന സർക്കാരിന്റെ അനുമതി വാങ്ങുവാനും ഉത്തരവായി.