akshara-prathista

കഴക്കൂട്ടം: മുരുക്കുംപുഴ കാളകണ്‌ഠേശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരുദേവൻ നടത്തിയ അക്ഷരപ്രതിഷ്ഠ നൂറിന്റെ നിറവിൽ. 1921 ഡിസംബർ 22നാണ് അക്ഷര പ്രതിഷ്ഠ നടത്തിയത്. ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് കാളീക്ഷേത്രവും പ്രതിഷ്ഠയുമാണ് ഉണ്ടായിരുന്നത്. ജന്തുബലിയും കുരുതിയും മറ്റു അനാചാരങ്ങളും നടന്നിരുന്ന ആ ക്ഷേത്രവും പ്രതിഷ്ഠയും പൊളിച്ചതിന് ശേഷമാണ് ശ്രീനാരായണഗുരു അക്ഷര പ്രതിഷ്ഠ നടത്തിയത്. പഞ്ചലോഹത്തിൽ വൃത്താകൃതിയിൽ നിർമ്മിച്ച പ്രഭയാണ് പ്രതിഷ്ഠ. പഞ്ചലോഹ പ്രഭയുടെ നടുക്ക് 'ഓം ' എന്നും അതിന് ചുറ്റും ' സത്യം, ധർമ്മം,ദയ,ശാന്തി ' എന്നും എഴുതിയിട്ടുണ്ട്. ദളിതർക്ക് ക്ഷേത്ര പ്രവേശനം വിലക്കിയിരുന്ന കാലഘട്ടത്തിൽ എല്ലാവർക്കും പ്രവേശനം അനുവദിച്ചിരുന്നു. മുരുക്കുംപുഴയിലെ പ്രശസ്‌തമായിരുന്ന പാണൂർ കുടുംബത്തിന്റെ സ്വത്ത് വിഭജിച്ചു നൽകിയ ഒന്നര ഏക്കറിലാണ് ക്ഷേത്രം നിലനിൽക്കുന്നത്. ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് പ്രസിഡന്റ് ആർ. സുനിൽ പറഞ്ഞു. നൂറാം വാർഷികത്തോടനുബന്ധിച്ച് പുതിയ ചുറ്റമ്പലത്തിന്റെ നിർമ്മാണവും പുരോഗമിക്കുകയാണ്.