തിരുവനന്തപുരം: പ്രേംനസീർ സുഹൃദ് സമിതി പ്രഖ്യാപിച്ച മൂന്നാമത് മാദ്ധ്യമ പുരസ്‌കാരത്തിൽ കേരള കൗമുദിക്ക് മൂന്ന് അവാർഡുകൾ. അച്ചടി മാദ്ധ്യമത്തിൽ മികച്ച ന്യൂസ് റിപ്പോർട്ടർക്കുള്ള പുരസ്കാരം കേരളകൗമുദി സീനിയർ റിപ്പോർട്ടർ ആർ.സുമേഷും മികച്ച പ്രാദേശിക റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരള കൗമുദി ഫ്ളാഷിന്റെ വി.അനിയും നേടി. മികച്ച നഗരവാർത്തയ്ക്കുള്ള പുരസ്കാരത്തിന് സിറ്റികൗമുദി അർഹമായി.
കവി മുരുകൻ കാട്ടാക്കട ജൂറി അദ്ധ്യക്ഷനായ സമിതിയാണ് ദൃശ്യ-അച്ചടി മാദ്ധ്യമ രംഗത്തെ 39 വിഭാഗങ്ങളിലെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. പ്രേംനസീറിന്റെ 32ാം ചരമവാർഷിക ദിനമായ 2021 ജനുവരി 15ന് നടക്കുന്ന ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പുരസ്‌കാരങ്ങൾ നൽകും. 16ന് നടക്കുന്ന ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ സംവിധായകൻ ബാലചന്ദ്രമേനോനും സംഗീത സംവിധായകൻ വിദ്യാധരനും പ്രേംനസീർ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങും. കലാമണ്ഡലം വിമലാ മേനോൻ, പ്രവീൺ ഇറവങ്കര, ഡോ. വാഴമുട്ടം ചന്ദ്രബാബു എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.