covid

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മുക്തരിൽ മൂന്നു മാസത്തേക്ക് പി.സി.ആർ പരിശോധന വേണ്ടെന്ന് ആരോഗ്യവകുപ്പിന്റെ പുതിയ മാർഗനിർദ്ദേശം. വൈറൽ ഷെഡിംഗ് കാരണം 104 ദിവസം വരെ നിർജീവമായ വൈറസുകൾ ശരീരത്തിൽ ഉണ്ടാകാം. ഈസമയം പി.സി.ആർ പരിശോധനയിൽ വൈറസിന്റെ സാന്നിദ്ധ്യമുണ്ടാകും. എന്നാൽ മറ്റുള്ളവരിലേക്ക് പകരാത്തതിനാൽ അപകട സാദ്ധ്യതയില്ല.

കൊവിഡ് മുക്തരിൽ മൂന്നുമാസത്തിനിടെ ശസ്ത്രക്രിയയ്ക്ക് മുമ്പ് നടത്തുന്ന പരിശോധന പോസിറ്റീവായാലും ശസ്ത്രക്രിയ മുടക്കരുത്. ശസ്ത്രക്രിയ, ഡയാലിസിസ് തിരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവർക്ക് കൊവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളിൽ ആവശ്യമെങ്കിൽ ആന്റിജൻ പരിശോധന നടത്താം. കൊവിഡ് ഭേദമായ ആൾക്ക് മൂന്ന് മാസത്തിനുള്ളിൽ രോഗ ലക്ഷണങ്ങൾ ഉണ്ടായാൽ മറ്റ് രോഗങ്ങൾ ഒന്നും ഇല്ലെന്ന് ഉറപ്പിച്ച ശേഷം കൊവിഡ് പരിശോധന വീണ്ടും നടത്താമെന്നും പുതിയമാർഗരേഖയിൽ വ്യക്തമാക്കുന്നു.