തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന് കാരണം ഇലക്ട്രിക് ഷോർട്ട് സർക്യൂട്ട് ആണെന്നും, ഫാനിൽ നിന്നാണ് തീപിടിച്ചതെന്നുള്ള പൊലീസ് കണ്ടെത്തൽ ശരിയല്ലെന്നു വ്യക്തമാക്കി ഫോറൻസിക് വിഭാഗം കോടതിയിൽ റിപ്പോർട്ട് നൽകി. ഫാനിന് തകരാർ ഒന്നുമില്ലെന്നും ഫാനിൽ നിന്ന് തീപടർന്നിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്. ഫിസിക്സ്, കെമസ്ട്രി വിഭാഗങ്ങളുടെ സംയുക്ത നിഗമനങ്ങൾ സഹിതം ജുഡിഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേട്ട് മൂന്ന് കോടതിയിലാണ് ഇന്നലെ റിപ്പോർട്ട് സമർപ്പിച്ചത്.
സെക്രട്ടേറിയറ്റിന്റെ ചുമരിലുളള ഫാനിലെ വയറുകൾക്കുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് വാദം. ഇതിനെ സാധൂകരിക്കാനായി ഗ്രാഫിക് വിദഗ്ദ്ധരുടെ സഹായത്തോടെ പൊലീസ് വീഡിയോ നിർമ്മിച്ച് പൊതുസമൂഹത്തെ കാണിച്ചിരുന്നു. ഫാനുകളുടെ മോട്ടോർ വയറിലെ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെങ്കിൽ മോട്ടോറുകളിൽ തീപിടിച്ച് അവ പ്രവർത്തനക്ഷമം അല്ലാതാകണം. ഫോറൻസിക് വിഭാഗം പരിശോധന നടത്തുമ്പോഴും ഫാനുകളുടെ മൊട്ടോറുകൾ നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നു. ഫാനിന്റെ വയറുകളുടെ ഇൻസുലേഷൻ മാത്രമാണ് കത്തിനശിച്ചത്. ചെമ്പ് കമ്പിക്ക് കേടുപാടില്ല. പരിശോധനയിൽ കണ്ടെത്തിയ പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് സമർപ്പിക്കുന്നതെന്നും വിദഗ്ദ്ധ പരിശോധനാസംവിധാനം ഫോറൻസിക് ലാബിന് ഇല്ലാത്തതിനാൽ കൂടുതൽ പരിശോധനയിലൂടെ മാത്രമേ കാര്യങ്ങൾ വ്യക്തമാകൂ എന്നും റിപ്പോർട്ടിലുണ്ട്.
45 ഇനങ്ങളാണ് ഫോറൻസിക് വിഭാഗം സംഭവസ്ഥലത്തുനിന്ന് ശേഖരിച്ചത്. റിപ്പോർട്ടിനൊപ്പം ഇവയെല്ലാം കോടതിയിൽ സമർപ്പിച്ചു. മാൻഷൻ ഹൗസിന്റെ രണ്ട് വിദേശമദ്യ കുപ്പിയും ഒരു ഹാൻഡ് സാനിറ്റെെസർ കുപ്പിയും അതിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കിലുള്ള ഈ കുപ്പികൾക്ക് തീപിടിത്തത്തിൽ യാതൊരു കേടുപാടും സംഭവിച്ചിട്ടില്ല. മദ്യക്കുപ്പികൾക്കുള്ളിൽ ഈതനോളിന്റെ അംശം കണ്ടെത്താനായതായി റിപ്പോർട്ടിൽ പറയുന്നു. ഇവയിലുണ്ടായിരുന്ന മദ്യമല്ല തീപിടിത്തത്തിന് ഇടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്.