തിരുവനന്തപുരം: സിസ്റ്റർ അഭയ മരിക്കാൻ മൂന്നു കാരണങ്ങളേ ഉണ്ടാകാനിടയുള്ളൂവെന്നും കൊലപാതകമാണ് സംഭവിച്ചതെന്നാണ് സാഹചര്യത്തെളിവുകൾ വ്യക്തമാക്കുന്നതെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.
സിസ്റ്റർ അഭയ മരിക്കാൻ കാരണം, ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ അബദ്ധത്തിൽ കിണറ്റിൽ വീണത്, അതുമല്ലെങ്കിൽ കൊലപാതകം. ഇതിൽ കൊലപാതകമാണെന്നാണ് സി.ബി.എെ കണ്ടെത്തൽ. അടച്ചിട്ട കോടതി മുറിയിലാണ് അന്തിമ പ്രോസിക്യൂഷൻ വാദം നടന്നത്. വാദത്തിനിടെ ഉണ്ടാകാൻ ഇടയുള്ള ലെെംഗിക പരാമർശങ്ങളും മെഡിക്കൽ പരിശോധനാഫലങ്ങളും പ്രതികളുടെ സ്വകാര്യതയെ ഭഞ്ജിക്കുന്നതായതിനാൽ വാദം അടച്ചിട്ട കോടതിമുറിയിൽ ആകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. അതു കണക്കിലെടുത്ത് മറ്രുളളവരെ പുറത്താക്കി അടച്ച കോടതിമുറിയിൽ വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു. കൊല്ലപ്പെടുന്നതിനു മുൻപത്തെ ആഴ്ച അഭയയെ മാതാപിതാക്കൾ കോൺവെന്റിൽ സന്ദർശിച്ചിരുന്നു. അവരോടെല്ലാം വളരെ സന്തോഷവതിയായി സംസാരിച്ചിരുന്ന അഭയ ആത്മഹത്യചെയ്യാൻ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല. കൊല്ലപ്പെടുന്നതിന് തലേദിവസം നടന്ന കൺവെൻഷനിലും ഏറെ സന്തോഷത്തോടെയാണ് സഹ അന്തേവാസികൾ അഭയയെ കണ്ടത്. സന്തോഷവതിയായിരുന്ന അഭയ ആത്മഹത്യ ചെയ്യുമെന്ന് സാമാന്യ ബുദ്ധിയുളളവർക്ക് കരുതാനാകില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. അഭയ കൊല്ലപ്പെട്ടത് പുലർച്ചെ നാലിനും അഞ്ചിനും ഇടയിലാണ്. ഈ സമയം അഭയ കോൺവെന്റ് കിണറ്റിനു സമീപം പോകേണ്ട യാതൊരു ആവശ്യവുമില്ല. കോൺവെന്റിലെ കിണറ്റിന്റെ കെെവരിക്ക് 55 സെന്റിമീറ്റർ ഉയരത്തിൽ കൂടുതലുണ്ടായിരുന്നു. അതിനാൽ, അബദ്ധത്തിൽ കാൽതെറ്റി കിണറ്റിലേക്കു വീണതായി കരുതാനാകില്ല. പിന്നീട് ഉളള ഏക സാദ്ധ്യത കൊലപാതകമാണെന്നും പ്രോസിക്യൂട്ടർ കോടതിയെ അറിയിച്ചു.കോൺവെന്റിലെ അടുക്കളയിൽ മൽപ്പിടിത്തം നടന്നതിന്റെ ലക്ഷണമായി സാധനങ്ങൾ ചിതറിക്കിടന്നതായി സാക്ഷിമൊഴികൾ ഉണ്ടെന്നും പ്രോസിക്യൂട്ടർ പറഞ്ഞു. കേസിൽ ഇന്നും വാദം തുടരും.