arrest

തിരുവനന്തപുരം :വഞ്ചിയൂർ പാറ്റൂർ ജംഗ്ഷന് സമീപം വീട്ടിൽ അതിക്രമിച്ച് കടന്ന് കവർച്ച നടത്തിയ കേസിലെ പ്രതികൾ പിടിയിലായി.ബീമാപളളി ,ചെറിയതുറ സീവേജ് ഫാമിന് സമീപം പുതുവൽപുരയിടത്തിൽ മനോജ് 37 (സോജൻ) നേമം കോലിയക്കോട് ചന്ദ്ര ഭവനിൽ ഉണ്ണിക്കൃഷ്ണൻ (25) എന്നിവരെയാണ് വഞ്ചിയൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പാറ്റൂർ ജംഗ്ഷന് സമീപം വീട്ടിലെ ഊണ് എന്ന പേരിലുളള സ്ഥാപനം നടത്തുന്ന വീട്ടിൽ അഞ്ചോളം പ്രതികൾ അതിക്രമിച്ച് കയറി വീടിന്റെ മുൻവശത്തെ വാതിൽ പൂട്ടി വീട്ടുകാരെ തടങ്കലിൽ വച്ച് കൈവശമുണ്ടായിരുന്ന സ്വർണമാല,ബാഗിൽ ഉണ്ടായിരുന്ന 40,000 രൂപ,എ.ടി.എം കാർഡുകൾ,മൊബൈൽ ഫോണുകൾ തുടങ്ങിയവ പിടിച്ചുപറിക്കുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത കേസിലെ ആദ്യരണ്ട് പ്രതികളാണ് പിടിയിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്.ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ഡോ.ദിവ്യ.വി.ഗോപിനാഥിന്റെ നിർദ്ദേശപ്രകാരം ശംഖുംമുഖം എ.സി.പി ഐശ്വര്യ ഡോംഗ്രേയുടെ മേൽനോട്ടത്തിൽ വഞ്ചിയൂർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകിയിരുന്നു. എസ്.എച്ച്.ഒ നിസാം,എസ്.ഐമാരായ പ്രദീഷ് കുമാർ,ജസ്റ്റിൻ മോസസ്,എ.എസ്.ഐമാരായ സജിരാജ്, അനിൽകുമാർ,സി.പി.ഒമാരായ രാജേഷ്,നവീൻ,ശരത്,സുനിൽ,ജോസ് എന്നിവരാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്.