നെടുമങ്ങാട്: കോൺഗ്രസിലെ ഗ്രൂപ്പ് പോരിൽ ജില്ലാ പഞ്ചായത്ത് വെഞ്ഞാറമൂട് ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിതകുമാരി അവസാന നിമിഷം പട്ടികയിൽ നിന്ന് പുറത്ത്. മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം വനിതാസംഘം പ്രവർത്തകയുമായ സുനിതകുമാരി രണ്ടു റൗണ്ട് ഡിവിഷൻ പര്യടനവും നാമനിർദേശ പത്രികാ സമർപ്പണവും പൂർത്തിയാക്കിയ ശേഷമാണ് പിന്മാറാൻ നിർദേശം വന്നത്. രണ്ടുദിവസം മുമ്പാണ് സുനിതകുമാരി പത്രിക നൽകിയത്. എന്നാൽ അവസാന നിമിഷത്തിൽ കൈപ്പത്തി ചിഹ്നം ആവശ്യപ്പെട്ട് മറ്റൊരു യുവതി കൂടി പത്രിക നൽകുകയായിരുന്നു.
ഇതിൽ പ്രതിഷേധിച്ച് ഇന്ന് പോത്തൻകോട്ടും ആനാട്ടും വട്ടപ്പാറയിലും നടക്കാനിരുന്ന യു.ഡി.എഫ് സ്ഥാനാർത്ഥി സംഗമങ്ങൾ ബഹിഷ്കരിക്കാൻ ഐ ഗ്രൂപ്പ് നേതൃയോഗം തീരുമാനിച്ചു. എ ഗ്രൂപ്പ് നേതാവായ മുൻ എം.എൽ.എയുടെ നിർദേശമനുസരിച്ചാണ് പുതിയ സ്ഥാനാർത്ഥി രംഗപ്രവേശം ചെയ്തതെന്നാണ് ഐ ഗ്രൂപ്പിന്റെ ആരോപണം. ജില്ലയിൽ ഐ ഗ്രൂപ്പിന് അനുവദിച്ച 11 സീറ്റുകളിലൊന്നാണ് വെഞ്ഞാറമൂട് ഡിവിഷനെന്നും ഇത് പൊളിച്ചത് നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണെന്നും ആരോപിച്ച് മുൻ ഡി.സി.സി പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഐ ഗ്രൂപ്പ് പ്രവർത്തകർ കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും ഇമെയിൽ സന്ദേശം അയച്ചു.
ഉമ്മൻചാണ്ടി പങ്കെടുക്കില്ല
ഇതിനിടെ ഇന്നത്തെ സ്ഥാനാർത്ഥി സംഗമങ്ങളിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുക്കില്ലെന്ന് അറിയിപ്പ് ലഭിച്ചിട്ടുണ്ട്. നിലവിൽ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തംഗമായ സുനിതകുമാരി യു.ഡി.എഫ് പട്ടികയിൽ ആദ്യം പ്രഖ്യാപിച്ച പേരുകാരിയാണ്. പോസ്റ്റർ, ഫ്ളക്സ് പ്രചാരണവും അഭ്യർത്ഥനയും പുറത്തിറങ്ങിയപ്പോഴാണ് മാറിനില്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. എ ഗ്രൂപ്പ് നേതാക്കൾ മത്സരിക്കുന്ന കരകുളം, വെള്ളനാട്, ആനാട് ഡിവിഷനുകളിലെ പ്രചാരണ പരിപാടികളിൽ വിട്ടു നിൽക്കാനും മുതിർന്ന നേതാക്കളുടെ യോഗം വിളിച്ചു ചേർക്കാനും ഐ ഗ്രൂപ്പും തീരുമാനിച്ചിട്ടുണ്ട്.