തിരുവനന്തപുരം: ജുഡിഷ്യൽ കസ്റ്റഡിയിലുള്ള സ്വപ്നയുടെ ശബ്ദരേഖ പുറത്തുവന്നത് നിയമവിരുദ്ധമെന്ന് നിയമവിദഗ്ദ്ധർ. റിമാൻഡിലുള്ളയാളെ കാണാനോ സംസാരിക്കാനോ കോടതിയുടെ അനുമതി വേണം. പക്ഷേ, ജയിൽ നിയമങ്ങളനുസരിച്ച് അടുത്ത ബന്ധുക്കൾക്ക് ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ കാണാം. കോടതിയിൽ പരാതി നൽകിയാൽ ഇക്കാര്യത്തിൽ അന്വേഷണമുണ്ടാകും. ശബ്ദം റെക്കാർഡ് ചെയ്തത് സംപ്രേഷണം ചെയ്യാനല്ലെന്ന് സ്വപ്നയ്ക്ക് അറിയില്ലെങ്കിലും ആരോടാണ് പറഞ്ഞതെന്ന് ഓർമയില്ലെന്ന മൊഴി അടവാണെന്നാണ് സൂചന. കേസിനെക്കുറിച്ച് അതീവരഹസ്യമായി പറയുന്ന കാര്യങ്ങൾ കേൾക്കുന്നയാൾ ഇടയ്ക്കിടെ മൂളുന്നുണ്ട്. ഓർമയില്ലെന്ന് സ്വപ്ന പറയുന്നത് രക്ഷപ്പെടാൻ വേണ്ടിയാണെന്നും അന്വേഷണം തകിടംമറിക്കാനുള്ള ഗൂഢാലോചനയാകാമെന്നുമാണ് നിയമവിദഗ്ദ്ധർ പറയുന്നത്. ജയിലിനകത്തു വച്ചാണ് സന്ദേശം റെക്കാഡ് ചെയ്യപ്പെട്ടതെന്ന് കണ്ടെത്തിയാൽ ജയിൽ ഉദ്യോഗസ്ഥർ നടപടി നേരിടേണ്ടിവരും.