കൊല്ലം. പതിമൂന്ന് വയസുള്ള മകളെ അഞ്ച് വർഷമായി പീഡിപ്പിച്ചുവന്ന പിതാവിനെ പത്തുവർഷം കഠിന തടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എൻ. ഹരികുമാറാണ് ശിക്ഷിച്ചത്.
പിഴ ഒടുക്കാതിരുന്നാൽ മൂന്നുമാസം കൂടി അധിക കഠിന തടവ് അനുഭവിക്കണം. കൗൺസലിംഗിൽ പീഡന വിവരം പുറത്തായതോടെ സ്കൂൾ പ്രിൻസിപ്പൽ കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് കൊട്ടാരക്കര വനിതാ സെൽ എ.എസ്.ഐ മോനിക്കുട്ടി കുട്ടിയുടെ മൊഴിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിഴത്തുക മുഴുവനായും ഇരയായ കുട്ടിക്ക് അനുവദിച്ചു. അധിക നഷ്ടപരിഹാരം അനിവാര്യമെങ്കിൽ അനുവദിക്കാനും കോടതി ഉത്തരവിട്ടു, പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ജി. സുഹോത്രൻ ഹാജരായി.