swapna

തിരുവനന്തപുരം: അട്ടക്കുളങ്ങര ജയിലിൽ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സ്വപ്നയെ ചോദ്യംചെയ്ത് ശേഖരിച്ച മൊഴി ഏറെ കോളിളക്കമുണ്ടാക്കിയതാണ്.

നയതന്ത്ര ബാഗിന്റെ മറവിൽ സ്വർണവും ഇലക്ട്രോണിക് ഉപകരണങ്ങളും കടത്തുന്ന വിവരം എം. ശിവശങ്കറിനു മാത്രമല്ല, മുഖ്യമന്ത്രിയുടെ ഓഫീസിലെ അദ്ദേഹത്തിന്റെ ടീമിനും അറിയാമായിരുന്നുവെന്നാണ് ഇ.ഡി കോടതിയിൽ സമർപ്പിച്ച മൊഴിയിലുള്ളത്. കഴിഞ്ഞ പത്തിനായിരുന്നു ജയിലിലെ ചോദ്യംചെയ്യൽ. ശിവശങ്കറുമായി അടുപ്പമുള്ള മറ്റു ചിലരുടെ പേരുകൾ സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ടെന്നും ഇതിലൊരാൾ ടോറസ് ഡൗൺടൗൺ പദ്ധതിയിൽ ഉൾപ്പെട്ടയാളാണെന്നും ഇ.ഡി അറിയിച്ചിരുന്നു. സ്വപ്നയുടെ ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കറാണെന്ന് ഇ.ഡി കോടതിയെ അറിയിച്ചത്. മുഖ്യമന്ത്രിയുടെ രണ്ട് പേഴ്സണൽ സ്റ്റാഫിനെക്കൂടി ചോദ്യംചെയ്യാനും ഇ.ഡി നീക്കമാരംഭിച്ചിരുന്നു.

മൊഴിയിലെ

പ്രസക്തഭാഗങ്ങൾ

സ്വപ്നയുടെ ബാങ്ക് ലോക്കറിൽ നിന്ന് എൻ.ഐ.എ പിടിച്ചെടുത്ത ഒരു കോടി രൂപ ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കറിനുള്ള കൈക്കൂലിയാണ്.

സ്വർണക്കടത്തിനെക്കുറിച്ച് ശിവശങ്കറിന് വ്യക്തമായ അറിവുണ്ടായിരുന്നു. ലൈഫ് മിഷൻ കരാറിൽ സ്വപ്നയ്ക്കും യു.എ.ഇ കോൺസുലേറ്റിലെ ധനകാര്യ വിഭാഗം മേധാവിയായിരുന്ന ഖാലിദ് ഉൾപ്പെടെയുള്ള കൂട്ടാളികൾക്കും യൂണിടാക് ബിൽഡേഴ്സ് കൈക്കൂലി നൽകിയ വിവരം ശിവശങ്കറിന് അറിയാമായിരുന്നു.

ലൈഫ് മിഷൻ, കെ ഫോൺ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ശിവശങ്കർ ചോർത്തി നൽകി. ലൈഫ് മിഷനിലെ 36 പദ്ധതികളിൽ 26 എണ്ണവും രണ്ടു സ്ഥാപനങ്ങൾക്കാണ് നൽകിയത്. രഹസ്യ വിവരങ്ങൾ ടെൻഡർ തുറക്കും മുമ്പു ശിവശങ്കർ നൽകി.

യൂണിടാക് എ.ഡി സന്തോഷ് ഈപ്പനും ശിവശങ്കറും തമ്മിൽ സ്ഥിരമായി ബന്ധമുണ്ട്. യൂണിടാകിനെ കെ ഫോൺ പദ്ധതിയിലെ ചില കരാറുകളിൽ ഉൾപ്പെടുത്താനും ശിവശങ്കറിന് താല്പര്യമുണ്ടായിരുന്നു.