കൊണ്ടോട്ടി: കൊണ്ടോട്ടിയിലെ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനത്തിൽ മുക്കുപണ്ടം വച്ച് കബളിപ്പിച്ച് പണം തട്ടിയ സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായി. പടിഞ്ഞാറ്റുംമുറി പടിഞ്ഞാറെകുണ്ട് സ്വദേശി പടിക്കൽ മുനീർ(40), പുത്തൻവീട്ടിൽ കുട്ടൻ എന്ന അനൂപ് (30), കൊണ്ടോട്ടി നെടിയിരുപ്പ് സ്വദേശി വളപ്പിൽ യൂസഫ്(32) എന്നിവരെയാണ് പിടികൂടിയത്. കൊണ്ടോട്ടിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിയ പ്രതികൾ ടൗണിലെ ഒരു ബാങ്കിൽ സ്വർണമാല പണയം വച്ചിട്ടുണ്ടന്നും അതു എടുത്ത് വിൽക്കാൻ സഹായിക്കണമെന്നും പറഞ്ഞു സമീപിക്കുകയായിരുന്നു. തുടർന്നു സ്ഥാപനത്തിലെ ജീവനക്കാരെയും കൂട്ടി ബാങ്കിലെത്തിയ പ്രതികൾ അവരെ പുറത്തു നിറുത്തി പണം വാങ്ങി ബാങ്കിൽ പോയി തിരികെ വന്നു മുക്കുപണ്ടം നൽകി. ബാക്കി പണം ഓഫീസിൽ നിന്നു നൽകിയാൽ മതിയെന്ന് പറഞ്ഞു പണവുമായി മുങ്ങി. ഇവർ പിന്നീട് ബാക്കി പണത്തിനു വരാതിരുന്നതിനെ തുടർന്ന് മാല പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്നു ബോദ്ധ്യമായത്. തുടർന്നു കൊണ്ടോട്ടി പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.
പിടിയിലായ മുനീറിന്റെ പേരിൽ മുക്കുപണ്ടം പണയം വച്ച് തട്ടിപ്പു നടത്തിയതിനു മലപ്പുറം, മഞ്ചേരി, പൊന്നാനി, ചാവക്കാട്, പെരിന്തൽമണ്ണ സ്റ്റേഷനുകളിലായി പത്തു കേസുകളുണ്ട്. നിലവിൽ മലപ്പുറം സ്റ്റേഷനിലെ ഒരു കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്നതിനിടയിലാണ് പുതിയ തട്ടിപ്പു നടത്തിയത്. അനൂപിനും യൂസഫിനും സമാന തട്ടിപ്പു നടത്തിയതിന് മലപ്പുറത്തും ചാവക്കാടും കേസുകളുണ്ട്. കൂട്ടു പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി. കൊണ്ടോട്ടി ഇൻസ്പക്ടർ കെ.എം ബിജു,
എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘാംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ്, മോഹൻദാസ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.