തിരുവനന്തപുരം: തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് നാമനിർദ്ദേശപത്രികൾ സമർപ്പിക്കാനുള്ള സമയം ഇന്നലെ പൂർത്തിയായി.1199 തദ്ദേശസ്ഥാപനങ്ങളിലെ 21845 വാർഡുകളിലേക്ക് 168028 പത്രികകളാണ് കിട്ടിയത്. ഇവയുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. പഞ്ചായത്തുകളിലേക്ക് 123858 എണ്ണവും ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് 14195 എണ്ണവും ജില്ലാ പഞ്ചായത്തുകളിലേക്ക് 2830 പത്രികകളുമാണ് ലഭിച്ചത്. 22798 നാമനിർദ്ദേശ പത്രികകളാണ് മുനിസിപ്പാലിറ്റികളിലേക്ക് ലഭിച്ചത്. ആറ് കോർപ്പറേഷനുകളിലേക്ക് 4347 നാമനിർദ്ദേശ പത്രികകളും ലഭിച്ചു.സ്ഥാനാർത്ഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 23-നാണ്.പത്രികകളുടെ സൂഷ്മപരിശോധനയ്ക്കുള്ള മാർഗനിർദ്ദേശങ്ങളും ഇന്നലെ പുറത്തിറക്കി.മലപ്പുറത്താണ് കൂടുതൽ പത്രികകൾ കിട്ടിയത്, 18612. വയനാടാണ് കുറവ്, 4281
19 വാർഡുകളിൽ ഇടതുമുന്നണിക്ക് എതിരില്ല
തിരുവനന്തപുരം:നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയം ഇന്നലെ പൂർത്തിയായപ്പോൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ 19 വാർഡുകളിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾക്ക് എതിരില്ലെന്ന് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മിഷൻ സ്ഥിരീകരിച്ചിട്ടില്ല.
കണ്ണൂർ ആന്തൂർ നഗരസഭയിലെ മൊറാഴ, കാങ്കോൽ, കോൾമൊട്ട, നണിച്ചേരി, ആന്തൂർ, ഒഴക്രോം തുടങ്ങി ആറ് വാർഡുകളിലാണ് ഇടതുമുന്നണിക്ക് എതിരില്ലാത്തത്. ആന്തൂരിൽ കഴിഞ്ഞ തവണ 14 ഇടത്ത് എതിരാളികളില്ലാതെ എൽഡിഎഫ് ജയിച്ചിരുന്നു. കണ്ണൂർ മലപ്പട്ടം പഞ്ചായത്തിലെ അടുവാപ്പുറം നോർത്ത്, കരിമ്പിൽ, മലപ്പട്ടം ഈസ്റ്റ്, മലപ്പട്ടം വെസ്റ്റ്, കോവുന്തല തുടങ്ങി അഞ്ച് വാർഡുകളിലും. കാങ്കോൽ ആലപ്പടമ്പ പഞ്ചായത്തിൽ രണ്ട് വാർഡുകളിലും കയ്യൂർ ചീമേനി പഞ്ചായത്തിലെ ഒരു വാർഡിലും കോട്ടയം മലബാർ പഞ്ചായത്തിലെ മൂന്നാം വാർഡിലും തളിപ്പറമ്പ് നഗരസഭയിലെ കൂവോഡ് വാർഡിലും ഉൾപ്പെടെ കണ്ണൂരിൽ 16 വാർഡുകളിൽ എതിർസ്ഥാനാർത്ഥികൾ ഇടതുമുന്നണിക്കെതിരെ പത്രിക നൽകിയിട്ടില്ല.
കാസർകോട് ജില്ലയിലെ മടിക്കൈ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലും ഇതേ രീതിയിൽ ഇടതുമുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.
ചിഹ്നം അനുവദിക്കാനുള്ള കത്ത് 23ന് നൽകണം
തിരുവനന്തപുരം: സ്ഥാനാർത്ഥികൾക്ക് തിരഞ്ഞെടുപ്പ് ചിഹ്നം അനുവദിക്കുന്നതിന് ചുമതലപ്പെടുത്തിയിട്ടുള്ള ജില്ലാ പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി അതാത് രാഷ്ട്രീയ പാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ 23ന് വൈകുന്നേരം മൂന്ന് മണിക്ക് മുമ്പ് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് നൽകേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്കരൻ അറിയിച്ചു.
സൂക്ഷ്മ പരിശോധന:
മാർഗനിർദ്ദേശങ്ങൾ
തിരുവനന്തപുരം:സ്ഥാനാർത്ഥികളുടെ സൂഷ്മപരിശോധനയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
നിർദ്ദേശങ്ങൾ :.
*സ്ഥാനാർത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിർദ്ദേശകൻ സ്ഥാനാർത്ഥി എഴുതി നൽകുന്ന ഒരാൾക്കും മാത്രം പ്രവേശനം
*സ്ഥാനാർത്ഥിയുടെ യോഗ്യതയും അയോഗ്യതയും പത്രിക സമർപ്പണദിവസത്തെ സ്ഥിതി നോക്കി മാത്രം വിലയിരുത്തണം.
*സൂക്ഷ്മപരിശോധനയ്ക്കുശേഷം സ്ഥാനാർത്ഥികളുടെ പട്ടിക അക്ഷരമാലാക്രമത്തിൽ ഫാറം നമ്പർ 4-ൽ തയ്യാറാക്കണം.
*ഒരു സ്ഥാനാർത്ഥിക്ക് വേണ്ടിയുള്ള പത്രികളകളെല്ലാം ഒരുമിച്ചെടുത്ത് പരിശോധിക്കണം.
*പത്രികയിൽ കാണുന്ന നിസ്സാര തെറ്റ്, അതായത് പട്ടികയിലെ പാർട്ട് നമ്പർ, ക്രമ നമ്പർ, സ്ഥാനാർത്ഥിയുടെ പേര്, വയസ്സ് എന്നിവ അവഗണിക്കേണ്ടതാണ്.
*എല്ലാ പത്രികകളും തള്ളുകയാണെങ്കിൽ അതിനുള്ള കാരണങ്ങൾ ഉടൻ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് നൽകണം.
*ഏതെങ്കിലുംപത്രികയെക്കുറിച്ച് തടസ്സവാദം ഉന്നയിക്കപ്പെട്ടാൽ തീർപ്പാക്കുന്നതിന് വരണാധികാരി പ്രത്യേക അന്വേഷണം നടത്തണം.
വോട്ടെടുപ്പ് ദിവസം അവധി, ഉത്തരവിറക്കി
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് ദിവസം വോട്ട് ചെയ്യുന്നിന് സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വേതനം കുറയ്ക്കാതെ അവധി അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. സ്വകാര്യ വാണിജ്യ-വ്യാപാര സ്ഥാപനങ്ങളിലെയും മറ്റ് സ്ഥാപനങ്ങളിലെയും ജീവനക്കാർക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്ന ജില്ലകളുടെ അടിസ്ഥാനത്തിൽ അവധി അനുവദിച്ചിരിക്കുന്നത്. ഡിസംബർ എട്ടാം തിയതി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലേയും ഡിസംബർ പത്തിന് കോട്ടയം എറണാകുളം, തൃശൂർ, പാലക്കാട്, വയനാട് ജില്ലകളിലേയും ഡിസംബർ 14ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.