തലശ്ശേരി: തിരഞ്ഞെടുപ്പ് മുൻനിർത്തി വൻ തോതിൽ ആയുധം ശേഖരിക്കുന്നതായുള്ള വിവരത്തെ തുടർന്ന് കതിരൂർ പൊലീസ് നടത്തിയ പരിശോധനയിൽ ബക്കറ്റുകളിൽ ഒളിപ്പിച്ച് വച്ച ഉഗ്രശേഷിയുള്ള രണ്ട് ബോംബുകൾ കണ്ടെടുത്തു. ബോംബ് സ്ക്വാഡെത്തി ഇവ നിർവ്വീര്യമാക്കി.
കൂവ്വപ്പാടിയിൽ മംഗലോട്ട് ചാലിൽ ഡോ. സജീവന്റെ ഉടമസ്ഥതയിലുള്ള ആൾ പാർപ്പില്ലാത്ത സ്ഥലത്താണ് ബോംബുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ ജോലി ചെയ്യുന്ന സ്ത്രീ വാഴക്കുല വെട്ടാൻ പോയപ്പോഴാണ് രണ്ട് തെങ്ങിൻതടങ്ങളിൽ പ്ലാസ്റ്റിക്ക് ബക്കറ്റുകൾ കണ്ട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ എൻ. ദിജേഷ്, അഡീഷണൽ എസ്.ഐമാരായ ദിലീപ് ബാലക്കണ്ടി, കെ.സി. അഭിലാഷ്, വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം ബോംബുകൾ കണ്ടെത്തുകയായിരുന്നു.