നാഗർകോവിൽ: ലോക്ക് ഡൗണിനെ തുടർന്ന് മാർച്ചിൽ സർവീസ് നിറുത്തിയ കേരള- തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾക്ക് ഇപ്പോഴും അതിർത്തി കടക്കുന്നില്ല. തമിഴ്നാട്ടിൽ നിന്ന് കർണാടകയിലേക്ക് സർവീസ് പുനഃരാരംഭിച്ചിട്ടും കന്യാകുമായിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ബസുകൾക്ക് അനുമതി നൽകിയിട്ടില്ല. തിരുവനന്തപുരത്ത് നിന്ന് നാഗർകോവിൽ, കന്യാകുമാരി സർവീസുകൾ തുടങ്ങാൻ കേരളം തയ്യാറെടുത്തപ്പോൾ കന്യാകുമാരി ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു.
കേരളത്തിൽ കൊവിഡ് വ്യാപനം ശക്തമാണെന്ന് പറഞ്ഞാണ് അനുമതി നിഷേധിച്ചത്. മലയാളികളുൾപ്പെടെ കന്യാകുമാരിയിലുള്ള നിരവധി പേർ തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ദിവസേന ജോലിക്ക് പോയി വരുന്നുണ്ട്. പക്ഷേ, അന്തർ സംസ്ഥാന സർവീസുകൾ തുടങ്ങാത്തത് ഇവർക്കും അടിയായി. തിരുവനന്തപുരത്ത് നിന്നുള്ള കെ.എസ്.ആർ.ടി.സി ബസുകൾ ഇഞ്ചിവിള വരെയാണ് സർവീസ് നടത്തുന്നത്. നാഗർകോവിലിൽ നിന്നുള്ള തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസുകൾ കളിയിക്കാവിള സ്റ്റാൻഡിലും സർവീസ് അവസാനിപ്പിക്കും. ഇഞ്ചിവിളയിൽ നിന്ന് കളിയിക്കാവിള ബസ് സ്റ്റാൻഡ് വരെ 700 മീറ്റർ നടന്നു വേണം മഴയും വെയിലത്തുമെല്ലാം യാത്രക്കാർക്ക് അതിർത്തി കടക്കാൻ. ദിവസേന കൂലിക്കായി ജോലിക്ക് പോകുന്നവർക്ക് അതിർത്തികടക്കാൻ ഓട്ടോറിക്ഷകളെയും മറ്റും ആശ്രയിക്കേണ്ടിവരുന്നത് സാമ്പത്തിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നുണ്ട്.
എന്നാൽ, കുന്നത്തുകാൽ, വെള്ളറട വഴി ദിവസേന ബൈക്കിലും കാറിലുമായി നിരവധി പേർ അതിർത്തി കടക്കുന്നുണ്ട്. ബസ് യാത്ര വിലക്കുന്ന സർക്കാർ നടപടിക്കെതിരെ പ്രതിഷേധവും ശക്തമാണ്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ബസ് സർവീസുകൾ പുനഃരാരംഭിക്കണമെന്നാണ് കന്യാകുമാരി ജില്ലയിലെ ജനങ്ങളുടെ ആവശ്യം.
'ദിവസേന ആയിരക്കണക്കിന് ജനങ്ങളാണ് കന്യാകുമാരിയിലും തിരുവനന്തപുരത്തുമായി ജോലിക്ക് പോയി വരുന്നത്. അതിനാൽ ഇരു സംസ്ഥാന സർക്കാരുകളും ഉടൻ ബസ് സർവീസുകൾ പുനഃരാരംഭിക്കണം. ടിക്കറ്റിന്റെ ചാർജ് കൂട്ടാതെ പഴയ നിരക്ക് തുടരണം.
- വിജയധരണി, വിളവൻകോട് നിയോജക മണ്ഡലം എം.എൽ.എ