പാരീസ്, ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ നഗരങ്ങളിലൊന്നാണ്. ഫാഷൻ, കല, സിനിമ എന്നുവേണ്ട കലയുടെ എല്ലാ മേഖലയിൽ നിന്നുമുള്ള സംഭാവനകൾ കൊണ്ട് സമ്പന്നമാണ് സിറ്റി ഒഫ് ലൈറ്റ്സ് എന്നറിയപ്പെടുന്ന പാരീസ്. പാരീസിന് തുല്യം പാരീസ് മാത്രം. എന്നാൽ, ഈഫൽ ടവർ അടക്കമുള്ള പാരീസിന്റെ പ്രധാന ആകർഷണങ്ങൾ എല്ലാം ഉൾക്കൊള്ളുന്ന ഒരു ഡ്യൂപ്ലിക്കേറ്റ് പാരീസ് നഗരമുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? അല്പം പ്രയാസമായിരിക്കും. ചൈനയിലെ ഈ നഗരത്തിലെത്തിയാൽ നിങ്ങൾ പാരീസിലാണോ എത്തിപ്പെട്ടതെന്ന സ്ഥലജലവിഭ്രമം വന്നുചേരും. എന്തിനും ഏതിനും ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കുന്ന ചൈന പാരീസ് നഗരത്തെ മൊത്തത്തിലങ്ങു പണിതുവച്ചിരിക്കുകയാണ് ടിയാംഗ്ഡുചെംഗ് എന്ന നഗരത്തിൽ.
ഇവിടത്തെ ഫോട്ടോ എടുത്ത് ഈഫൽ ടവറിന്റെ ഒറിജിനൽ ഏത് ഡ്യൂപ്ലിക്കേറ്റ് ഏത് എന്നുചോദിച്ചാൽ നമ്മളിൽ പലർക്കും കൃത്യമായ ഉത്തരം പറയാനാകില്ല. അത്ര പരിപൂർണ്ണതയിലാണ് ചൈനക്കാർ ഈഫൽ ടവറിന്റെ ഇരട്ടയെ നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത സ്മാരകങ്ങളുടെ തനിപ്പകർപ്പുകൾ ലോകമെമ്പാടും സാധാരണമാണ്. സിനിമ ചിത്രീകരണങ്ങൾക്കായും വിനോദസഞ്ചാരികളെ ഉദ്ദേശിച്ചുമെല്ലാം സ്മാരകങ്ങളുടെ പകർപ്പ് നിർമ്മിക്കാറുണ്ട്.പക്ഷേ, ടിയാൻഡുചെംഗിലെത്തിയാൽ കണ്ണുകളെ വിശ്വസിപ്പിക്കാൻ പാടുപെടും. പാരീസ് ശൈലിയിലുള്ള കെട്ടിടങ്ങൾ, ജലധാരകൾ, ലാൻഡ്സ്‌കേപ് തുടങ്ങി സിറ്റി ഒഫ് ലൈറ്റ്സിനെ അതേപടി ഇവിടെ പകർത്തിയിരിക്കുകയാണ്.
ഇവിടെയുള്ള ഈഫൽ ടവറിന് നൂറ് മീറ്ററിലധികം ഉയരമുണ്ട് അതായത് ഒറിജിനലിന്റെ മൂന്നിലൊന്ന് വലുപ്പം. ഫ്രാൻസിന്റെ പരമ്പരാഗത ഹൗസ്മാൻ കാലഘട്ടത്തിലെ അപാർട്ട്‌മെന്റ് കെട്ടിടങ്ങളും ക്ലാസിക്കൽ പാരീസിയൻ പൊതു ശിൽപങ്ങളും ഫ്രഞ്ച് ബോളിവാർഡ് ഷോട്ട്സും പാരീസിലുള്ളതുപോലെയുള്ള തെരുവു വിളക്കുകൾ വരെ ഈ നഗരത്തിൽ കാണാം. ടിയാംഗ്ങ്ഡുചെംഗിലൂടെ നടക്കുമ്പോൾ ഒറിജിനൽ പാരീസ് നഗരത്തിലാണോ എന്ന് സംശയിച്ചുനിൽക്കും. ഒറിജിനലിനെ വെല്ലുന്ന മനോഹാരിതയോടെയാണ് ഇവിടെ പല പകർപ്പുകളും സൃഷ്ടിച്ചിരിക്കുന്നത്.
സാങ്കേതികമായി ഒരു ആഡംബര റിയൽ എസ്റ്റേറ്റ് സമുച്ചയമാണിത്. സ്‌കൈ സിറ്റി എന്നും വിളിക്കപ്പെടുന്ന ടിയാംഗ്ഡുചെംഗ് ഒരു ഭവന എസ്റ്റേറ്റായിട്ടാണ് ആദ്യം നിർമിച്ചത്. 2007 ലാണ് ഇവിടെ പാരീസിനെ മാതൃകയാക്കി നിർമ്മാണം തുടങ്ങിയത്. ഇപ്പോൾ ഇവിടൈയത്തുന്ന പാരീസുകാർ പോലും തങ്ങളുടെ നാട്ടിലെ സ്മാരകങ്ങളും കെട്ടിടങ്ങളും കണ്ട് അത്ഭുതപ്പെടാടുണ്ടത്രേ.