chandrikayum-renjithum

കല്ലമ്പലം: വൈദ്യുതി കണക്‌ഷന് വേണ്ടി അധികൃതരുടെ കനിവ് തേടി നിർദ്ധന കുടുംബം. നാവായിക്കുളം ഡീസന്റ്മുക്ക് പൊയ്കവിള വീട്ടിൽ ചന്ദ്രികയും കുടുംബവുമാണ് മാസങ്ങളായി വൈദ്യുതി കണക്‌ഷന് വേണ്ടി നെട്ടോട്ടമോടുന്നത്. നിശ്ചയിച്ചുറപ്പിച്ച മകളുടെ വിവാഹ തീയതി അടുത്തുവരും തോറും ചന്ദ്രികയ്ക്ക് ആധിയേറുകയാണ്. അടുത്ത മാസമാണ് മകളുടെ വിവാഹം. ഇഴ ജന്തുക്കളുടെ ശല്യം കാരണം നേരം ഇരുട്ടിയാൽ വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥയാണ്. മെഴുകുതിരിയുടെ നുറുങ്ങു വെട്ടമാണ് ആകെയുള്ള വെളിച്ചം. തലമുറകളായി താമസിച്ചുവന്ന ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കാനായി ബന്ധുക്കൾ തന്നെ കോടതി കയറുകയും അനുകൂലമായി എക്സ് പാർട്ടി വിധി സമ്പാദിക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും മൊത്തം കുടുംബങ്ങളെയും കുടിയൊഴിപ്പിക്കുകയുമായിരുന്നു. എങ്ങും പോകാനിടമില്ലാത്ത ചന്ദ്രികയ്ക്കും കുടുംബത്തിനും താമസിക്കാനായി മറ്റൊരു കുടുംബം ഒഴിഞ്ഞുപോയ വീടും 5 സെന്റും എതിർ കക്ഷി നൽകുകയായിരുന്നു. എന്നാൽ ഇതിന്റെ ആധാരം സ്വന്തം പേരിലാക്കാനും പോക്ക് വരവ് ചെയ്ത് കരമൊടുക്കാനുമുള്ള നടപടി ക്രമങ്ങൾ നീണ്ടുപോകുന്നതിനാൽ ഈ കുടുംബത്തിന് വെളിച്ചം ഇനിയുമകലെയാണ്. കെ.എസ്.ഇ.ബി അധികൃതരെ കണ്ടിട്ടും നിയമത്തിന്റെ നൂലാമാലകൾ പറഞ്ഞ് വിച്ഛേദിച്ച കണക്‌ഷൻ പുനഃസ്ഥാപിക്കുന്നില്ല.

ചന്ദ്രികയെ കൂടാതെ നിത്യ രോഗിയായ ഭർത്താവ് സദാശിവൻ, മക്കളായ രഞ്ജിത്ത്, രജനി തുടങ്ങി നാലംഗ കുടുംബമാണ് ഓടിട്ട രണ്ടുമുറി കൂരയ്ക്കുള്ളിൽ വെളിച്ചവും കാത്ത് കഴിയുന്നത്. അധികൃതർക്ക് കനിവുണ്ടായി താത്കാലികമായെങ്കിലും മകളുടെ വിവാഹത്തിന് മുൻപ് വൈദ്യുതി പുനഃസ്ഥാപിക്കുമെന്ന പ്രതീക്ഷയിലാണ് ഈ നിർദ്ധന കുടുംബം.