സുൽത്താൻ ബത്തേരി: നാമ നിർദ്ദേശ പത്രിക സമർപ്പണം പൂർത്തീകരിച്ചതോടെ കോൺഗ്രസിൽ പാളയത്തിൽ പടയൊരുക്കം തുടങ്ങി. മുതിർന്ന നേതാക്കൾ മുതൽ യുവ തലമുറയിൽപ്പെട്ടവർ വരെയുണ്ട് സ്ഥാനാർത്ഥികൾക്കെതിരെ തിരിഞ്ഞതിൽ. സ്ഥാനാർത്ഥി നിർണയത്തിലെ അസംതൃപ്തരും സീറ്റ് നിഷേധിക്കപ്പെട്ടവരുമാണ് ഔദ്യോഗിക പക്ഷത്തിനെതിരെ വാളോങ്ങിയിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് യൂത്ത് നേതാക്കളുടെയും മുതിർന്ന നേതാക്കളുടെയും പേരുകൾ മത്സരിക്കുന്നവരുടെ സാദ്ധ്യത ലിസ്റ്റിൽ വന്നിരുന്നു. പിന്നീട് ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾ ഇടപെട്ട് വെട്ടിമാറ്റുകയായിരുന്നു. ചില ബൂത്ത്, ഡിവിഷൻ കമ്മറ്റികൾ നൽകിയ പേര് നേതൃത്വം പരിഗണിക്കാതെ മറ്റ് ഡിവിഷനിൽ നിന്നും സ്ഥാനാർത്ഥിയെ കെട്ടിയിറക്കിയതിലെ അമർഷമാണ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ തിരിയാൻ കാരണം. ചില ഡിവിഷനുകളിൽ സ്വതന്ത്രന്റെ വേഷത്തിൽ വിമതർ മത്സരിക്കുന്നതിനായി പത്രിക നൽകി കഴിഞ്ഞു. ഈ സ്വതന്ത്രന്മാർക്ക് പിന്തുണ നൽകാനാണ് പാളയത്തിൽ പട നയിക്കുന്നവർ ശ്രമിക്കുന്നത്.
സുൽത്താൻ ബത്തേരി നഗരസഭയിലെ 12 ഡിവിഷനായ കുപ്പാടിയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും നിയോജക മണ്ഡലം പ്രസിഡന്റുമായ ബാബു പഴുപ്പത്തുരിനെതിരെയാണ് പി.കെ. ഹരിദാസ് എന്ന കോൺഗ്രസ് പ്രവർത്തകൻ റിബലായി പത്രിക നൽകിയിരിക്കുന്നത്. ബത്തേരി നഗരസഭയിലെതന്നെ 27-ാം ഡിവിഷനായ കല്ലുവയലിൽ ഔദ്യോഗിക സ്ഥാനാർത്ഥിയായ സാജു പുമലക്കെതിരെ മുൻ ഡിവിഷൻ കൗൺസിലറായ ലീല പാൽപ്പാത്താണ് റിബലായി പത്രിക നൽകിയിരിക്കുന്നത്. ലീലക്ക് പിന്തുണയുമായി ഒരു വിഭാഗം പ്രവർത്തകർ ഇറങ്ങിക്കഴിഞ്ഞു.
ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ കോളിയാടി ഡിവഷനിൽ നിന്ന് മത്സരിക്കുന്ന കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിയായ എടക്കൽ മോഹനനെതിരെ കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയായ വി.ജെ. തോമസും ഒ.ബി.സി കോൺഗ്രസ് നെന്മേനി മണ്ഡലം ചെയർമനായ അഷറഫ് പൈക്കാടനും പത്രിക നൽകി. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ അവസാന മണിക്കൂർ വരെ ലിസ്റ്റിൽപ്പെട്ടിരുന്ന തന്നെ നേതൃത്വം വെട്ടിമാറ്റുകയായിരുന്നുവെന്ന് തോമസ് പറയുന്നു.