stage

കിളിമാനൂർ: കൊവിഡ് വ്യാപനത്തെ തുടർന്ന് വിവാഹങ്ങളും മറ്റ് ആഘോഷങ്ങളും നിലച്ചതോടെ കടക്കെണിയിലായ പന്തൽ തൊഴിലാളികൾക്ക് തിരഞ്ഞെടുപ്പ് ആവേശവും തുണയാകുന്നില്ല. നിന്നുതിരിയാൻ സമയമില്ലാതെ ജോലി ലഭിച്ചിരുന്ന സമയമായിരുന്നു ഓരോ തിരഞ്ഞെടുപ്പും. വിവിധ പാർട്ടികൾക്കായി പ്രചാരണ കേന്ദ്രങ്ങളിൽ പന്തലും കസേരകളും സജ്ജീകരിക്കാൻ ഓട്ടത്തിലായിരുന്നു മുൻപ് ഈ സമയമെല്ലാം തൊഴിലാളികൾ. എന്നാൽ ഇത്തവണ എല്ലാം നേർ വിപരീതമായാണ് സംഭവിച്ചത്. കൊവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ പൊതുയോഗങ്ങളും ആളുകളെ കൂട്ടിയുള്ള പ്രചാരണ പരിപാടികളും ഒഴിവാക്കിയതാണ് ഇവർക്ക് തിരിച്ചടിയായത്. നാമമാത്രമായ ബുക്കിംഗുകൾ മാത്രമാണ് ഇത്തവണ തൊഴിലാളികൾക്ക് ലഭിച്ചത്. പരമാവധി 10 കസേരയ്ക്കപ്പുറം ഒരു യോഗത്തിലേക്കും വേണ്ട. ഇതാണ് തൊഴിലാളികളെയും കരാറുകാരെയും കടക്കണിയിലേക്ക് തള്ളിവിടുന്നത്. കൊവിഡ് കാലത്ത് പണിയില്ലാതെ പട്ടിണിയിലേക്ക് വഴുതി വീണപ്പോൾ സഹായം തേടി നിരവധി സമരങ്ങൾ നടത്തിയെങ്കിലും നയാപൈസയുടെ ആനുകൂല്യം തങ്ങൾക്ക് ലഭിച്ചില്ലെന്നാണ് പന്തൽ, സ്റ്റേജ് ഡെക്കറേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്.

ഒന്നും മിച്ചമില്ല

നീണ്ട എട്ടു മാസത്തിനു ശേഷം ലഭിക്കുന്ന ജോലികളായതിനാൽ നിലവിലുള്ള ചെറിയ വർക്കുകൾ ഉപേക്ഷിക്കാൻ കരാറുകാർക്ക് സാധിക്കില്ല. കിട്ടുന്നതെങ്കിലുമാകട്ടെ എന്നുകരുതിയാണ് പലരും ജോലിക്കിറങ്ങിയത്. ഒരു ടാർപോളിൻ പന്തൽ, പത്തു കസേരകൾ, സൗണ്ട് സിസ്റ്റം, ബാക്ക് കർട്ടൻ എന്നിവയാണ് ചെറിയ പ്രചാരണ യോഗങ്ങൾക്ക് വേണ്ടത്. ഇവയ്‌ക്കെല്ലാം കൂടി ആറായിരം രൂപയോളം വാടക വരും. തൊഴിലാളികളുടെ പ്രതിദിന വേതനം, വാഹന ഇന്ധനം, ജനറേറ്ററിന്റെ വാടക തുടങ്ങിയവ നൽകിക്കഴിഞ്ഞാൽ മിച്ചം പിടിക്കാൻ ഒന്നും ലഭിക്കില്ലെന്നാണ് ഉടമകൾ പറയുന്നത്.

അനൗൺസ്‌മെന്റിന് പ്രിയമേറും

നേരിട്ട് വീട്ടുകളിൽ എത്തിയുള്ള വോട്ടുപിടിത്തതിന് നിയന്ത്രണങ്ങൾ ഉള്ളതിനാൽ അവസാന റൗണ്ടിൽ വാഹന പ്രചാരണത്തിലാകും സ്ഥാനാർത്ഥികൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇതാണ് അനൗൺസ്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് പ്രതീക്ഷ നൽകുന്നത്. അനൗൺസ്‌മെന്റ് വാഹനം ഒരു പകൽ ചുറ്റിയടിക്കുന്നതിന് 6500-7000 രൂപ വരെ വാടക വരും. വേഗം കുറച്ചുള്ള ഡ്രൈവിംഗ് ആയതിനാൽ ഇന്ധന ചെലവേറും. അതിനാൽ അനൗൺസ്‌മെന്റുകാർ തന്നെ തങ്ങളുടെ സൗണ്ട് സിസ്റ്റം വാഹനത്തിൽ സജ്ജീകരിച്ച് രംഗത്തുണ്ട്. ഇത് സൗണ്ട് മേഖലയിൽ ഉള്ളവർക്ക് തിരിച്ചടിയാണ്.

വിവിധ നിരക്കുകൾ......

വാഹന അനൗൺസ്‌മെന്റ്: 7000രൂപ (ഒരു ദിവസം)​

ചെറിയ യോഗത്തിനുള്ള സ്റ്റേജ്: 2500 രൂപ

ചെറിയ യോഗത്തിനുള്ള സൗണ്ട് സിസ്റ്റം 3000 രൂപ