ബ്രിട്ടീഷുകാർക്കെതിരെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യവും രൂപപ്പെട്ടത്. അന്നൊക്കെ ധാർമ്മികത എന്ന വാക്കിന് രാഷ്ട്രീയത്തിൽ പത്തരമാറ്റ് വിലയുണ്ടായിരുന്നു. ഇന്നാകട്ടെ എല്ലാ പാർട്ടികളിൽ നിന്നും എന്തിന് ഇടതു കമ്മ്യൂണിസ്റ്റ് കക്ഷികളിൽ നിന്നു പോലും ആ വാക്ക് അടർന്ന് പോയി .അധാർമ്മികത, അഴിമതി തുടങ്ങിയ വാക്കുകൾക്കാണ് ഇന്ന് വിലയുള്ളത്. അത് പ്രാവർത്തികമാക്കുന്നവർ മുൻനിരയിൽ വരികയും മന്ത്രിപദവികളിൽ ആസനസ്ഥരാവുകയും ചെയ്യും.
ബീഹാറിലെ നിതീഷ് കുമാർ സർക്കാർ അധികാരത്തിൽ വന്നിട്ട് മൂന്ന് ദിവസമായതേയുള്ളൂ. അതിനുള്ളിൽ വിദ്യാഭ്യാസ മന്ത്രി മേവാലാൽ ചൗധരി രാജിവച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് അദ്ദേഹം ചുമതലയേറ്റത്. 2 മണിക്ക് രാജി. അതായത് ചുമതലയേറ്റ് ഒന്നര മണിക്കൂറിനുള്ളിൽ ഇറങ്ങേണ്ടിവന്നു എന്ന 'റെക്കാഡി"ട്ടു.
മേവാലാലിന്റെ രാജി എല്ലാ പാർട്ടികൾക്കും ഒരു പാഠമാകണം. അതായത് അഴിമതി കേസുകളിൽ ഉൾപ്പെടുന്നവരെ അവരുടെ കേസിന്റെ വിധി വന്നാലും ശരി വന്നില്ലെങ്കിലും ശരി ഭരണഘടനാ പദവികൾ നൽകില്ല എന്ന ഉറപ്പ് പാർട്ടികൾ അവരുടെ പ്രകടനപത്രികകളിൽ ഉൾക്കൊള്ളിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ അതാവശ്യപ്പെടുന്ന തരത്തിൽ പൊതുചർച്ചകൾ സമൂഹത്തിൽ ഉണ്ടാകണം. അല്ലാതെ എന്നും കുന്നും വിവാദങ്ങൾ ചർച്ച ചെയ്ത് നാടിനെ അധപ്പതിപ്പിക്കുകയല്ല വേണ്ടത്. ഭിന്നത മറന്ന് ഒന്നിച്ച് നിന്ന് ജനങ്ങൾ ഇങ്ങനെ ആവശ്യപ്പെട്ടാൽ രാഷ്ട്രീയ കക്ഷികൾ വരച്ച വരയിൽ വരും.
മേവാലാൽ ചൗധരിക്കെതിരെ അഴിമതി ആരോപണം ഉണ്ടായ കാലത്ത് ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദായിരുന്നു ബീഹാർ ഗവർണർ. 2010-ൽ തുടങ്ങിയ ഭഗൽപ്പൂരിലെ ബീഹാർ അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയിലെ ആദ്യത്തെ വി.സി ആയിരുന്നു മേവാലാൽ ചൗധരി. 2011ൽ യൂണിവേഴ്സിറ്റി ഒരു പരസ്യം നൽകി. അസി. പ്രൊഫസർ, ജൂനിയർ സയന്റിസ്റ്റ് തസ്തികകളിലെ 281 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു പരസ്യം. അക്കാഡമിക് പരീക്ഷയിൽ മികച്ച മാർക്ക് കിട്ടിയവർക്ക് ഇന്റർവ്യൂവിൽ മാർക്ക് കുറച്ചു നൽകി ഇഷ്ടക്കാരെ പണം വാങ്ങി തിരുകിക്കയറ്റി നിയമിച്ചു എന്നാണ് ആരോപണം വന്നത്. പരാതിയിൽ കഴമ്പുണ്ടെന്ന് ബോദ്ധ്യപ്പെട്ട ചാൻസലർ കൂടിയായ ഗവർണർ അന്വേഷണത്തിന് ഉത്തരവിട്ടു. അന്വേഷണത്തിൽ ആരോപണം ശരിയാണെന്ന് കണ്ടെത്തി. ഇതിനെത്തുടർന്ന് വി.സി പദവി രാജിവച്ച് 2015-ൽ താരാപ്പൂർ മണ്ഡലത്തിൽ നിന്ന് ജെ.ഡി.യു ടിക്കറ്റിൽ ജയിച്ച് മേവാലാൽ നിയമസഭയിലെത്തി. 2017-ൽ മേവാലാലിനെതിരെ യൂണിവേഴ്സിറ്റി അഴിമതി കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതോടെ ജനതാദളിൽ നിന്ന് നിതീഷ് പുറത്താക്കി. അടുത്തിടെയാണ് പാർട്ടിയിൽ തിരിച്ചെടുത്തത്. താരാപ്പൂരിൽ നിന്ന് തന്നെ ജയിച്ച മേവാലാലിനെ പിടിച്ച് വിദ്യാഭ്യാസമന്ത്രി സ്ഥാനം നൽകി. വി.സി ആയിരുന്ന് അഴിമതി കാണിച്ചയാളിന് വിദ്യാഭ്യാസ വകുപ്പ് മൊത്തത്തിൽ കൊള്ളയടിക്കാൻ മുഖ്യമന്ത്രി നൽകിയതാണോ എന്നാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ചോദിച്ചത്. . അതോടെ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടാവാം മേവാലാൽ നിന്നു നേരം കളയാതെ ഉടനെ രാജിവച്ചത്.കേരളത്തിലും പലരും അഴിമതിയിലും മറ്റ് പല ഗുരുതരമായ കേസുകളിലും കിടന്ന് കറങ്ങുന്നുണ്ട്. ഇവരെ നിങ്ങൾ നിയമസഭയിലേക്ക് മത്സരിപ്പിച്ചോ. പ്രശ്നമില്ല. പക്ഷേ ഈ മുഖങ്ങളെ ദയവ് ചെയ്ത് പിടിച്ച് മന്ത്രിസ്ഥാനത്ത് ഇരുത്തി ജനങ്ങളെ അവഹേളിക്കരുത്.