തിരുവനന്തപുരം: പത്ത് ദിവസത്തെ കൊവിഡ് ഡ്യൂട്ടിക്ക് ശേഷം നൽകിയിരുന്ന മൂന്ന് ദിവസത്തെ അവധി റദ്ദാക്കിയതിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജുകളിലെ നഴ്സുമാർ 24 ന് ഒരു മണിക്കൂർ ജോലി ബഹിഷ്‌കരിക്കും.തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഴ്സുമാരുടെ അവധിയാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് റദ്ദാക്കിയത്. മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് ഈ തീരുമാനം വ്യാപിപ്പിക്കാനാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ നീക്കമെന്ന് കേരള ഗവ. നഴ്‌സസ് യൂണിയൻ ആരോപിച്ചു.
അവധി പുന:സ്ഥാപിച്ചില്ലെങ്കിൽ സമ്പൂർണ പണിമുടക്കിലേക്ക് നീങ്ങുമെന്ന് നഴ്‌സസ് യൂണിയൻ മുന്നറിയിപ്പ് നൽകി. നഴ്‌സുമാർക്ക് വിശ്രമം അനുവദിക്കുക, ഉത്തരവ് റദ്ദാക്കാൻ സർക്കാർ ഇടപെടുക, ആവശ്യത്തിന് നഴ്‌സുമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളും നഴ്സസ് യൂണിയൻ ഉന്നയിച്ചു.