election

മടിക്കൈ: ഇടതുപക്ഷത്തിന് മുൻതൂക്കമുള്ള മടിക്കൈ ഗ്രാമ പഞ്ചായത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയുടെ നാമ നിർദ്ദേശ പത്രിക തള്ളിയതോടെ നാലാമത് ഒരു സീറ്റിൽ കൂടി സി.പി.എം സ്ഥാനാർത്ഥിയെ എതിരില്ലാതെ തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ച വി. പ്രകാശനാണ് പത്താം വാർഡിൽ നിന്നും വിജയിച്ചത്. മറ്റാരും നാമനിർദ്ദേശ പത്രിക നൽകാൻ ഇല്ലാത്തതിനാൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇടതുമുന്നണി തീരുമാനിച്ച എസ്. പ്രീതയും വി. രാധ, രമാ പത്മനാഭൻ എന്നിവരും വിജയിച്ചിരുന്നു.

11,12,13 വാർഡുകളിൽ നിന്നാണ് ഇവർ മത്സരത്തിന് ഇറങ്ങിയത്. 2010ൽ പഞ്ചായത്ത് പ്രസിഡന്റായിരുന്നയാളാണ് എസ്. പ്രീത. 70 വർഷത്തോളമായി എൽ.ഡി.എഫ് ഭരിക്കുന്ന മടിക്കൈ പഞ്ചായത്തിൽ ഏക പ്രതിപക്ഷ അംഗമായ ബി.ജെ.പി പ്രതിനിധി ഒന്നാം വാർഡായ വാഴക്കോടിനെയാണ് പ്രതിനിധീകരിക്കുന്നത്. ബി.ജെ.പി സ്വാധീന മേഖലയായ ഈ വാർഡിൽ ബി.ജെ.പിയ്ക്ക് വൻ ലീഡുണ്ട്. ആയിരത്തോളം വോട്ടുകൾ ബി.ജെ.പിയ്ക്ക് സ്ഥിരമായി ലഭിക്കുന്ന ഈ വാർഡിൽ സി.പി.എം ദുർബലമാണ്.

ഇടതിനും യു.ഡി.എഫ്. സ്ഥാനാർത്ഥികൾക്കും നൂറിൽ താഴെ വോട്ടുകളാണ് ഇവിടെ ലഭിക്കുന്നത്. ഇത്തവണ ഡി.വൈ.എഫ്.ഐ അമ്പലത്തുകര ഈസ്റ്റ് മേഖലാ ജോയിന്റ് സെക്രട്ടറി വി. സുകേഷിനെയാണ് സി.പി.എം രംഗത്തിറക്കിയത്. മടിക്കൈയിൽ ലോക്‌സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് പതിനൊന്നായിരത്തോളം വോട്ടുകൾ ലഭിക്കുമ്പോൾ ബി.ജെ.പിയ്ക്ക് 2500 ഓളം വോട്ടുകളുണ്ട്.

സീറ്റുകൾ കുറഞ്ഞതിന് പിന്നിൽ വാർഡ് വിഭജനം

വാർഡ് വിഭജനത്തിലെ കൃത്രിമമാണ് തങ്ങൾക്ക് കൂടുതൽ സീറ്റുകൾ ലഭിക്കുന്നതിന് തടസമെന്നാണ് ബി.ജെ.പി നേതാക്കളുടെ അവകാശ വാദം. പല വാർഡുകളിലും ഭീഷണിപ്പെടുത്തി സി.പി.എം പത്രിക പിൻവലിപ്പിക്കുകയാണെന്ന് ബി.ജെ.പിയുടെയും കോൺഗ്രസിന്റെയും നേതാക്കൾ ആരോപിക്കുന്നു.

മടിക്കൈയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർ

വാർഡ്

10 വി.പ്രകാശൻ

11രമ പത്മനാഭൻ

12വി.രാധ

13 എസ്.പ്രീത