പാലോട്: കുടുവെള്ളെം ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2009ൽ അന്നത്തെ ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ പ്രഖ്യാപിച്ച നന്ദിയോട് ആനാട് കുടിവെള്ള പദ്ധതി പതിനൊന്ന് വർഷം കഴിഞ്ഞിട്ടും കാടുകയറി നശിക്കുന്നു. ഈ പ്രദേശം നിലവിൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. പദ്ധതി തുടങ്ങുന്നതിലേക്കായി വസ്തു വാങ്ങിയത് മുതൽ അഴിമതിക്കഥകളാണ് ഈ കുടിവെള്ള പദ്ധതിക്കുള്ളത്. സ്റ്റോറേജ് പ്ലാന്റ് നിർമ്മിച്ച സ്ഥലത്തേക്കുള്ള വഴി റോഡ് നിർമ്മാണത്തെ തുടർന്ന് ഇടിച്ചുമാറ്റിയതിനാൽ സുഗമമായ യാത്രയ്ക്ക് പുതിയ സംവിധാനം ഒരുക്കേണ്ട ഗതികേടാണ് നിലവിലുള്ളത്. പ്രമാണത്തിൽ വില കൂട്ടി കാണിച്ച് വസ്തു ഉടമകളിൽ നിന്നും കമ്മീഷൻ അടിച്ചുമാറ്റി എന്ന ആക്ഷേപവും ശക്തമാണ്. നിലവിലെ പഞ്ചായത്ത് ഭരണസമിതി നന്ദിയോട്ടെ കുടിവെള്ള പ്ലാന്റിലെ ഓവർ ഹെഡ് ടാങ്ക് നിർമ്മാണ പദ്ധതിയിലേക്കായി നന്ദിയോട് പഞ്ചായത്ത് ആലുങ്കുഴിയിൽ 15 സെന്റ് സ്ഥലം ഏഴു ലക്ഷത്തിനും, താന്നിമൂട് 15 സെന്റ് 15 ലക്ഷത്തിനും, ആനക്കുഴിയിൽ 10 സെന്റ് സ്ഥലം 5 ലക്ഷത്തിനും പഞ്ചായത്ത് വാങ്ങി വാട്ടർ അതോറിട്ടിക്ക് കൈമാറിയെങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥത മൂലം നാളിതുവരെയായിട്ടും ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിരവധി സമര പരമ്പരകൾക്ക് ശേഷം പദ്ധതി പൂർത്തീകരണത്തിന് 16 കോടി രൂപ കൂടി അനുവദിച്ച് ടെന്റർ നടപടിയായെങ്കിലും ഈ ജോലി ഏറ്റെടുക്കാൻ ആരും തയ്യാറാകാത്തതിനാൽ വീണ്ടും ടെൻഡർ നൽകാനുള്ള നടപടി സ്വീകരിച്ചു വരുന്നതായാണ് അധികൃതർ നൽകുന്ന വിശദീകരണം. സെപ്തംബർ 30 മുതൽ നിർമ്മാണം പുനരാരംഭിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നാളിതുവരെയായിട്ടും യാതൊന്നും നടന്നിട്ടില്ല.
സംവിധാനങ്ങളുണ്ട്; പക്ഷേ...
ആനക്കുഴിയിൽ പത്തുലക്ഷം ലിറ്റർ ടാങ്കും, പാലോട്ടെ മെയിൻ ടാങ്കിനോടനുബന്ധിച്ച് 630 കെ.വി, 250 കെ.വി. എന്നിങ്ങനെയുള്ള രണ്ട് ട്രാൻസ് ഫോർമറുകളും ഗാർഹിക ശുദ്ധജല വിതരണത്തിന് പൈപ്പുകളും, 80 എച്ച്.പി പമ്പും സ്ഥാപിച്ചാൽ നന്ദിയോട് പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് 90 ശതമാനത്തോളം പരിഹാരമാകുമെന്നിരിക്കെയാണ് ഒന്നും ചെയ്യാതെ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നത് സ്റ്റോറേജ് പ്ലാന്റ്, എയർ ക്ലാരിയേറ്റർ, രണ്ട് ഫ്ലാഷ് മിക്സർ, ക്ലാരി ഫയർഫോക്കുലേറ്റർ, എന്നിവയുടെ നിർമ്മാണം ഏകദേശം പൂർത്തിയായെങ്കിലും ഈ പ്രദേശം മുഴുവൽ കാടുകയറിയ നിലയിലാണ്. പാലോട്ടെ പമ്പ് ഹൗസ് പരിസരവും കാടുകയറിയ നിലയിലാണ്. ഇവിടെ വൈദ്യുതിയും ഇതുവരെ ലഭിച്ചിട്ടില്ല. ആലംപാറ, വലിയ താന്നിമൂട്, ആലുങ്കുഴി, ചുള്ളിമാനൂർ, കൈതക്കാട് എന്നിവിടങ്ങളിലാണ് ഓവർ ഹെഡ് ടാങ്കുകൾ ഇനി നിർമ്മിക്കാനുള്ളത്. ഇതിനുള്ള നടപടിക്രമങ്ങളും പൂർത്തിയായിട്ടില്ല.
നന്ദിയോട് - ആനാട് കുടിവെള്ള പദ്ധതിക്കായി അനുവദിച്ചത് - 60 കോടി രൂപ
പദ്ധതി പ്രഖ്യാപിച്ചിട്ട് - 11 വർഷം
നിലവിൽ ഈ പ്രദേശം സാമൂഹ്യ വിരുദ്ധരുടെ താവളം
"ആർ.എസ്.പി നന്ദിയോട് ലോക്കൽ കമ്മിറ്റി നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ജലസേചന വകുപ്പ് മന്ത്രിയായിരുന്ന എൻ.കെ. പ്രേമചന്ദ്രൻ കുടിവെള്ള പദ്ധതിക്കായ് തുക അനുവദിച്ചത്. രണ്ട് പഞ്ചായത്തുകളുടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുമായിരുന്ന പദ്ധതിക്ക് തുരങ്കം വച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം."
ജെ. ബാബു,
ജില്ലാ കമ്മിറ്റി അംഗം
ആർ.എസ്.പി.