ബാലരാമപുരം: കരാറുകാരന്റെ മരണത്തെ തുടർന്ന് ബാലരാമപുരം - കാട്ടാക്കട റോഡിന്റെ നവീകരണം അനിശ്ചിതത്വത്തിൽ തുടരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നതോടെ പുതിയ കരാറുകാരനെ കണ്ടെത്താനുള്ള നടപടികളും ഇഴഞ്ഞു നീങ്ങുകയാണ്. കിഫ്ബിയിൽ ഉൾപ്പെടുത്തി 10.20 കോടി രൂപയാണ് ബാലരാമപുരം കാട്ടാക്കട റോഡിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് അനുവദിച്ചത്. ഓടയുടെ നിർമ്മാണം പൂർത്തീകരിച്ച് കാട്ടാക്കട മുതൽ ടാറിംഗ് ജോലികൾ തുടങ്ങാനിരിക്കെയാണ് കരാറുകാരൻ പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരിച്ചത്. 2019ൽ മരാമത്ത് വകുപ്പ് ദേശീയ അതോറിട്ടിക്ക് നിർമ്മാണച്ചുമതല കൈമാറുകയായിരുന്നു. ബാലരാമപുരം - മുതൽ കാട്ടാക്കട വരെ ഓടയുടെ നിർമ്മാണ ജോലികൾ നീണ്ടുപോയതും ലോക്ക് ഡൗണിനെ തുടർന്നുണ്ടായ തൊഴിൽ പ്രതിസന്ധിയും ക്വാറിമേഖല പ്രവർത്തിക്കാതിരുന്നതും റോഡിന്റെ നിർമ്മാണജോലികൾ തടസപ്പെടുത്തിയിരുന്നു. 2020 ഡിസംബർ വരെ ടെൻഡറിന്റെ കാലാവധി നീട്ടിത്തരണമെന്ന് ആവശ്യപ്പെട്ട് കരാറുകാരൻ ദേശീയപാത വിഭാഗം എൻജിനയർക്ക് കത്ത് നൽകിയിരുന്നു. കരാർ കാലാവധി അവസാനിക്കുന്ന ഒക്ടോബറിൽ തന്നെ നിർമ്മാണ ജോലികൾ പൂർത്തീകരിക്കണമെന്നായിരുന്നു ദേശീയപാത വിഭാഗം കരാറുകാരനെ അറിയിച്ചത്. കാട്ടാക്കട മാർക്കറ്റിന് സമീപത്ത് നിന്നും ടാറിംഗ് ജോലികൾ തുടങ്ങുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് കരാറുകാരൻ മരണപ്പെട്ടത്. ഇതേത്തുടർന്ന് ബി.എം.ആൻഡ്.ബി.സി പദ്ധതിയിലുൾപ്പെടുത്തിയ റോഡിന്റെ നിർമ്മാണ ജോലികൾ പാതിവഴിയിലാവുകയായിരുന്നു. പുതിയ കരാറുകാരനെ കണ്ടെത്തി ടെൻഡർ നടപടികൾ പൂർത്തീകരിക്കാൻ ചുരുങ്ങിയത് രണ്ടു മാസത്തോളം വേണ്ടി വരുമെന്നാണ് മരാമത്ത് അധികൃതർ പറയുന്നത്. സർക്കാൻ അടിയന്തരമായി ഇടപെട്ട് റോഡിന്റെ പുനഃരുദ്ധാരണം എത്രയും വേഗം സാദ്ധ്യമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
അടിയന്തര ഫണ്ടിന് അനുമതിയില്ല എം.എൽ.എ ഇടപെടണമെന്ന്
നിർമ്മാണം വൈകുന്ന റോഡുകൾക്ക് അടിയന്തര ഫണ്ട് അനുവദിച്ച് മെയിന്റനൻസ് ജോലികൾ ചെയ്യാറുണ്ട്. എന്നാൽ ബി.എം.ആൻഡ്.ബി.സി പദ്ധതിയിലുൾപ്പെടുത്തി നിർമ്മാണം ആരംഭിച്ച റോഡിന് അടിയന്തര ഫണ്ട് അനുവദിക്കുന്നതിൽ സാങ്കേതിക തടസമുണ്ടെന്നാണ് അധികൃതരുടെ വാദം. നാട്ടുകാരുടെ പരാതിയെ തുടർന്ന് റോഡിലെ കുഴികളടയ്ക്കാൻ അടിയന്തര ഫണ്ട് അനുവദിക്കണമെന്ന് മരാമത്തിനോട് ആവശ്യപ്പെട്ടെങ്കിലും ഇതേവരെയും അനുമതി നൽകിയിട്ടില്ല. വിഷയത്തിൽ കാട്ടാക്കട എം.എൽ.എ ഐ.ബി. സതീഷ്, കോവളം എം.എൽ.എ അഡ്വ. എം. വിൻസെന്റ് എന്നിവർ അടിയന്തരമായി ഇടപെട്ട് റോഡിലെ കുഴികളടയ്ക്കാൻ നപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പുതിയ ടെൻഡർ ക്ഷണിക്കും
ബാലരാമപുരം - കാട്ടാക്കട റോഡിന്റെ രണ്ടാംഘട്ട പുനഃരുദ്ധാരണത്തിന് പുതിയ കരാറുകാരനെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. പഴയ കരാറുകാരനും നോമിനിയും പൂർണമായും പിൻവാങ്ങിയതോടെയാണ് പുതിയ കരാറുകാരനെ തേടുന്നത്. ടെൻഡർ നടപടികൾ പൂർത്തീകരിച്ച് രണ്ട് മാസത്തിനുള്ളിൽ നിർമ്മാണ ജോലികൾ ആരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ.
വിജയരാജ്,
ദേശീയപാത വിഭാഗം
അസി. എൻജിനിയർ