വക്കം: പ്രകൃതിസുന്ദരമായ മണനാക്ക് കടവ് കേന്ദ്രീകരിച്ച് കായൽ ടൂറിസം പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. അകത്തുമുറി കായലും കുളമുട്ടം കായലും ഒത്തുചേരുന്ന ഇവിടെ കാത്തിരിക്കുന്നത് പ്രകൃതിയുടെ മനോഹരമായ ദൃശ്യങ്ങളാണ്. കായൽക്കാഴ്ചകളുടെയും വർണപ്രപഞ്ചമാണ് മണനാക്ക് കടവും പരിസരവും. ഒരുകാലത്ത് കയർ വ്യവസായത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന ഇവിടം ഇന്ന് ഗതകാല സ്മരണകളിൽ വീർപ്പുമുട്ടിക്കഴിയുകയാണ്. ഇതിൽ നിന്നുള്ള മോചനത്തിന് ടൂറിസം മേഖലയുടെ വികസനത്തിന് ഊന്നൽ നൽകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
ജല ടൂറിസം വികസിപ്പിച്ചെടുത്താൽ വക്കം ഗ്രാമ പഞ്ചായത്തിന്റെ മുഖഛായ തന്നെ മാറും. സഞ്ചാരികളെ ആകർഷിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ മാത്രമൊരുക്കിയാൽ മതി. ദേശീയപാതയിൽ ആലംകോട്, ആറ്റിങ്ങൽ എന്നിവിടങ്ങളിൽ നിന്ന് 5 കിലോമീറ്റർ മാത്രമാണ് മണനാക്ക് കടവ് വരെയുള്ള ദൂരം. ഇനി വേണ്ടത് ജലയാത്ര നടത്തുന്ന വള്ളങ്ങൾക്കും, ബോട്ടുകൾക്കുമുള്ള സൗകര്യങ്ങൾ മാത്രമാണ്. മറ്റ് പ്രാഥമിക സൗകര്യങ്ങളും ഏർപ്പെടുത്തിയാൽ മേഖല സഞ്ചാരികളുടെ പറുദീസയാകുമെന്നതിൽ സംശയമില്ല.
വികസനത്തിന് കുതിപ്പാകും
ചരിത്രം ഉറങ്ങുന്ന പൊന്നിൻതുരുത്തെന്ന ദീപ് ഈ മേഖലയിലാണ്. സ്ഥിതി ചെയ്യുന്നത്. സഞ്ചാരികളെ ആകർഷിക്കുന്നതിൽ ഇതും ഒരു പ്രധാന ഘടകമാണ്. കായൽ മത്സ്യങ്ങൾക്ക് പേരുകേട്ട ഇവിടെ അനുബന്ധ വ്യവസായങ്ങൾ തഴച്ചുവളരുന്നതിനും കടവിന്റെ വികസനം അനിവാര്യമാണ്. തൊഴിലവസരങ്ങളും വർദ്ധിക്കുന്നതോടെ പ്രദേശത്തിന്റെ സമ്പൂർണ വികസനവും സാദ്ധ്യമാകും.
കയർ വ്യവസായത്തിന്റെ പിരിമുറിഞ്ഞു
ഒരു കാലത്ത് കയറിന്റെയും തൊണ്ട് തല്ലലിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇവിടം. എന്നാൽ ഇന്നതെല്ലാം അപ്രത്യക്ഷമായി. ലോറികളിൽ എത്തിരുന്ന പച്ച തൊണ്ടുകൾ ഇവിടെ നിന്ന് കയറാക്കി വള്ളങ്ങളിൽ കയറ്റിക്കൊണ്ട് പോയതൊക്കെ പഴമക്കാരുടെ ഓർമ്മയിൽ മാത്രമാണ്. കായൽ തീരങ്ങളിൽ തൊണ്ട് തല്ലുന്നതിന്റെയും റാട്ടിൽ കയർ പിരിക്കുന്നതിന്റെയും താളം ഇന്ന് കേൾക്കാനേയില്ല. കയർ മേഖലയിൽ 500 ലധികം കുടുംബങ്ങൾ പണിയെടുത്തിരുന്നതും ചരിത്രമായി പുറം കായലുകളിൽ താമര ഇലകൾ പോലുള്ള വട്ടങ്ങളും മാലുകളും ഉണ്ടായിരുന്നതും ഓർമ്മയിൽ മാത്രമായി.
"അകത്തുമുറി കായലിലെ മണനാക്ക് കടവ് കേന്ദ്രീകരിച്ച് ജലടൂറിസം വികസിപ്പിച്ചാൽ മണനാക്കിന്റെയും വക്കം ഗ്രാമ പഞ്ചായത്തിന്റെയും മുഖച്ഛായ മാറും. തൊഴിലവസരങ്ങളും വർദ്ധിക്കും. ഇതിനുള്ള നടപടി സ്വീകരിക്കാൻ അധികൃതർ തയ്യാറാകണം."
ഉല്ലാസ് സിറാജുദ്ദീൻ, പ്രദേശവാസി