മുടപുരം:യഥാർത്ഥ നാഗങ്ങളുടെ നിറ സാന്നിദ്ധ്യം വേണ്ടുവോളമുള്ള ഇവിടം നാഗരാജ ക്ഷേത്രമല്ല, മറിച്ച് ട്രാൻസ്‌ഫോർമർ നിലകൊള്ളുന്ന സ്ഥലമാണ്. മുടപുരം -മുട്ടപ്പലം റോഡിലെ മില്ലുമുക്കിൽ നിന്ന് ഈച്ചരൻ വിളയിലേക്കുള്ള റോഡാരംഭിക്കുന്ന കവലയിലാണ് കെ.എസ്.ഇ.ബി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരിക്കുന്ന സ്ഥലം ഇത്തരത്തിലായത്. തികച്ചും ഒരു നാഗക്കാവിന്റെ പ്രതീതിയിൽ കാടും വള്ളിപ്പടർപ്പുകളും വളർന്ന്, താമസമില്ലാതെ ഈ ട്രാൻസ്‌ഫോർമറിനെ വിഴുങ്ങുന്ന അവസ്ഥയായിട്ടും അധികാരികൾക്ക് അനക്കമില്ല. ട്രാൻസ്‌ഫോമറിന് ചുറ്റുമുള്ള മരങ്ങൾ വളർന്ന് വലുതായി.വള്ളിപ്പടർപ്പുകൾ വളർന്ന് ട്രാൻസ്‌ഫോർമറിന് ചുറ്റും പടരുകയും ചെയ്തത് അപകട ഭീഷണി ഉയർത്തുന്നു.കാൽനയാത്രക്കാർ ഈ ട്രാൻസ് ഫോർമറിന് മുന്നിലൂടെ കടന്നു പോകുന്നതും ഭീതിയോടെയാണ്. അതിനാൽ ഇതിനെതിരെ ചിറയിൻകീഴ് കെ.എസ്.ഇ.ബി ഓഫീസ് ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.