തിരുവനന്തപുരം:സ്വർണക്കടത്തും മയക്കുമരുന്ന് കടത്തും അടക്കമുള്ളവയെപ്പറ്റിയുള്ള അന്വേഷണം അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന ഗൂഢാലോചന എൻ.ഐ.എ അന്വേഷിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു
സെക്രട്ടേറിയറ്റിൽ പ്രോട്ടോക്കോൾ വിഭാഗത്തിൽ ഫയലുകൾ തീ വച്ചത് മുതൽ ആരംഭിച്ച അട്ടിമറി നീക്കത്തിന്റെ തുടർച്ചയായാണ് സ്വപ്നാ സുരേഷിന്റെ ശബ്ദസന്ദേശം പുറത്തുവന്നത്. നിയമസഭയെപ്പോലും അട്ടിമറിക്കായി ഉപയോഗപ്പെടുത്തുന്നു.
സ്വർണ്ണക്കടത്ത് സംബന്ധിച്ച കേസന്വേഷണത്തിന്റെ തുടക്കത്തിലാണ് സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യുട്ടാണെന്നാണ് സർക്കാരും സർക്കാർ നിയോഗിച്ച സമിതിയും പൊലീസും പറഞ്ഞുകൊണ്ടിരുന്നെങ്കിലും, അതല്ലെന്ന് ഫോറൻസിക്കിന്റെ ശാസ്ത്രീയാന്വേഷണത്തിൽ തെളിഞ്ഞു.
ഫോറൻസിക്കുകാർ കോടതിയിൽ അവസാന റിപ്പോർട്ട് സമർപ്പിച്ചതോടെ, പ്രോട്ടോക്കോൾ വിഭാഗത്തിന് തീവച്ചതാണെന്ന് തെളിഞ്ഞു. അപ്പോൾ ആരാണ് തീവച്ചത്?
ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണം അട്ടിമറിക്കാൻ വിജിലൻസിനെ ആയുധമാക്കി. ഫയലുകൾ കടത്തി. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷും ശിവശങ്കറും മുഖ്യമന്ത്രിയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നു. സ്വപ്നയുടെ ശബ്ദരേഖയുടെ പിന്നിൽ സി.പി.എമ്മിന്റെ ഗൂഢാലോചനയാണെന്ന് വ്യക്തമാണ്.
വികസന പ്രവർത്തനങ്ങളെ കേന്ദ്ര ഏജൻസികൾ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് പറഞ്ഞ് അന്വേഷണത്തെ തടസ്സപ്പെടുത്താനാണ് ശ്രമം. സ്വർണക്കടത്തും മയക്കുമരുന്ന് കച്ചവടവും അഴിമതിയും പിൻവാതിൽ നിയമനങ്ങളുമാണ് ഈ സർക്കാരിന്റെ വികസന പ്രവർത്തനങ്ങളെന്ന് ചെന്നിത്തല പറഞ്ഞു.