chennithala

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റിന്റെ സി.ഇ.ഒ അൻവർ സാദത്ത്, മാനേജർ ദീപ അനിരുദ്ധൻ എന്നിവർക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിയമസഭാ സ്പീക്കർക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകി. ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങിയതിൽ ക്രമക്കേടും ബിനാമി ബന്ധങ്ങളും വാർത്താസമ്മേളനത്തിൽ ആരോപിച്ചതിനെതിരെ കൈറ്റ് പ്രതിപക്ഷ നേതാവിന് വക്കീൽ നോട്ടീസ് അയച്ചിരുന്നു.

നിയമസഭ ഉൾപ്പെടെയുള്ള വേദികളിൽ ഇത് സംബന്ധിച്ച് ഒരാക്ഷേപവും ഉന്നയിക്കരുതെന്ന ഗൂഢലക്ഷ്യം നോട്ടീസിന് പിന്നിലുണ്ടെന്നും ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 194 (1) പ്രകാരം അംഗങ്ങൾക്ക് നിർഭയമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടാനുള്ള നീക്കമാണെന്നും കാണിച്ചാണ് നോട്ടീസ്.

വിദ്യാഭ്യാസവകുപ്പിന്റെ സുപ്രധാന പദ്ധതിയിലുണ്ടായ അഴിമതിയും ക്രമക്കേടും ചൂണ്ടിക്കാണിച്ചതിന് നിയമവ്യവഹാര നടപടികൾ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ നിശബ്ദനാക്കാനാണ് ശ്രമം. ഈ അഴിമതി സംബന്ധിച്ച് ഒരു പ്രസ്താവനയും നടത്തരുതെന്ന് തന്റെ സഹ എം.എൽ.എമാരടക്കമുള്ളവരെ ഉപദേശിക്കണമെന്നും വക്കീൽ നോട്ടീസിലുണ്ട്. ഇത് നിയമസഭാ സാമാജികനെന്ന നിലയിലും പ്രതിപക്ഷ നേതാവെന്ന നിലയിലും തനിക്കുള്ള വിശേഷാധികാരത്തിന്മേലുള്ള നഗ്നമായ കടന്നുകയറ്റമാണ്.
കൈറ്റ് സി.ഇ.ഒയുടെ നിർദ്ദേശപ്രകാരമല്ലാതെ മാനേജർക്ക് ഇപ്രകാരമൊരു വക്കീൽനോട്ടീസ് അയയ്ക്കാനാവില്ലെന്നതിനാലാണ് ഇരുവർക്കുമെതിരെ നടപടി ആവശ്യപ്പെടുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.