തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് കേരളം ഒരുങ്ങവെ കൂറുമാറ്റം സംബന്ധിച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായ വിധിയും പരാമർശങ്ങളും പ്രത്യേകം പ്രാധാന്യമുള്ളതാണ്. ഏതു തരത്തിലുള്ള കൂറുമാറ്റവും ജനാധിപത്യ വ്യവസ്ഥിതിയുടെ ധാർമ്മികതയ്ക്കും മര്യാദയ്ക്കും എതിരാണെന്ന നീതിപീഠത്തിന്റെ അഭിപ്രായത്തോട് യോജിക്കാത്തവർ സ്വാർത്ഥലാഭത്തിനുവേണ്ടി മറുകണ്ടം ചാടാൻ നിൽക്കുന്നവർ മാത്രമേ കാണുകയുള്ളൂ. തിരഞ്ഞെടുപ്പിനുമുമ്പ് പാർട്ടികൾ മുന്നണിയുണ്ടാക്കുന്നതും ഭൂരിപക്ഷം ലഭിച്ചാൽ അധികാരത്തിലേറുന്നതും പതിവാണ്. ഒരിക്കൽ ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞാൽ പിന്നീട് കൂറുമാറുന്നതു നിയമവിരുദ്ധമാണ്. നിയമനിർമ്മാണ സഭകളിലും തദ്ദേശ സ്ഥാപനങ്ങളിലും കൂറുമാറ്റ നിരോധന നിയമം പ്രാബല്യത്തിലുണ്ട്. കൂറുമാറ്റം പകർച്ചവ്യാധി പോലെ ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കാൻ തുടങ്ങിയപ്പോഴാണ് കൂറുമാറ്റ നിയമം കൊണ്ടുവന്ന് അതിനു തടയിട്ടത്. അപ്പോഴും ഒരു പാർട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ മൂന്നിലൊരു ഭാഗം ഒന്നിച്ച് കൂറുമാറിയാൽ അതു നിയമത്തിന്റെ പരിധിയിൽ വരില്ലെന്നാണു ചട്ടം. ഒന്നിച്ച് അത്രയും പേരെ കിട്ടുക പ്രയാസമാകുമെന്ന കണക്കുകൂട്ടലിലാവാം ഇങ്ങനെയൊരു വ്യവസ്ഥ വച്ചത്. എന്നാൽ ഭാഗ്യാന്വേഷികളുടെ എണ്ണം പെരുകാൻ തുടങ്ങിയതോടെ അതുകൊണ്ടും കൂറുമാറ്റമെന്ന മഹാവ്യാധിയെ തടയാനാവില്ലെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. തദ്ദേശ ഭരണസമിതികളിലും കൂറുമാറ്റം വലിയ വിന സൃഷ്ടിക്കാറുണ്ട്. ഒന്നോ രണ്ടോ പേരുടെ ഭൂരിപക്ഷം മാത്രമുള്ള ഭരണസമിതികളെ മറിച്ചിടാൻ എളുപ്പമാണ്. പാർട്ടി നിർദ്ദേശം ലംഘിച്ചും നിലപാട് സ്വീകരിക്കുന്നവരെ പുറത്താക്കുകയല്ലാതെ വേറെ വഴിയില്ല. അത്തരം ഒരു സംഭവത്തിൽ പുറത്താക്കൽ നടപടി നേരിട്ട തിരുവല്ല നഗരസഭാദ്ധ്യക്ഷനായിരുന്ന കെ.വി. വർഗീസ് സമർപ്പിച്ച അപ്പീൽ ഹർജി തള്ളിക്കളഞ്ഞ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയിൽ ജനാധിപത്യത്തിനു ശാപമായി മാറിയ കൂറുമാറ്റത്തിനെതിരെ കൂടുതൽ ശക്തമായ നിലപാട് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഏതെങ്കിലുമൊരു പാർട്ടിയുടെ വിലാസത്തിൽ മത്സരിച്ചു ജയിക്കുന്നവർ പാർട്ടി നേതൃത്വത്തിന്റെ നിർദ്ദേശങ്ങൾ അനുസരിക്കാനും ബാദ്ധ്യസ്ഥനാണ്. നിർദ്ദേശം പാലിക്കാൻ തയ്യാറാകാത്തവർക്കെതിരെ കൂറുമാറ്റ നിയമമനുസരിച്ച് നടപടി സ്വീകരിക്കാനും കഴിയും. പാർട്ടി പ്രതിനിധിയായി മത്സരിച്ച് ജയിക്കുന്ന വ്യക്തി ആ പാർട്ടിയോട് കൂറുപുലർത്തുക തന്നെ വേണം. വോട്ടർമാർ പ്രതീക്ഷിക്കുന്നതും അതാണ്. പാർട്ടി നിലപാടിനോട് വിയോജിപ്പുണ്ടെങ്കിൽ സ്ഥാനം രാജിവച്ച് പുറത്തുപോവുകയാണു വേണ്ടത്. അല്ലാതെ പാർട്ടിയെ പ്രതിസന്ധിയിലാക്കുന്ന സാഹചര്യം സൃഷ്ടിക്കരുത്. നിയമം വന്നതിനു ശേഷവും കൂറുമാറ്റങ്ങൾ നടക്കാതെയില്ല. നൂറിലധികം ജനപ്രതിനിധികൾ കൂറുമാറ്റത്തെ തുടർന്ന് അയോഗ്യരാക്കപ്പെട്ടിട്ടുമുണ്ട്. തങ്ങൾ വോട്ടു ചെയ്ത് തദ്ദേശ സ്ഥാപനങ്ങളിലേക്ക് അയയ്ക്കുന്നവർ പാർട്ടിയെ ധിക്കരിച്ച് കൂറുമാറി മറുകണ്ടം ചാടുന്നത് ജനങ്ങൾ ആഗ്രഹിക്കുന്ന കാര്യമല്ല. അവരുടെ അഭിമാനത്തിന് നിരക്കാത്ത കാര്യം കൂടിയാണത്. ഇത്തരം സന്ദർഭങ്ങളിൽ സ്ഥാനം രാജിവച്ചൊഴിയുകയാണ് മാന്യത. വോട്ടർമാരുടെ വിശ്വാസം നിലനിറുത്തേണ്ടത് തിരഞ്ഞെടുക്കപ്പെടുന്നയാളുടെ ധർമ്മമാണ്. അതുപോലെ പാർട്ടിയോടുള്ള കൂറിനും വിശ്വാസ്യതയ്ക്കും ഊനം തട്ടുന്നതൊന്നും ഉണ്ടാകാനും പാടില്ല. സീമകൾ ലംഘിക്കുന്നവരെ കൂറുമാറ്റ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം പുറത്താക്കുകതന്നെ വേണം. തിരഞ്ഞെടുപ്പിനുശേഷം നിലവിൽ വരുന്ന പുതിയ തദ്ദേശ ഭരണസമിതികളിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള ഒരു ഓർമ്മപ്പെടുത്തൽകൂടിയാണ് ഹൈക്കോടതിയുടെ ഇതുസംബന്ധിച്ച വിധി തീർപ്പ്.