നെയ്യാറ്റിൻകര: ജനപ്രതിനിധികളോ ആശുപത്രി അധികൃതരോ വിളിച്ചാൽ നെയ്യാറ്റിൻകരയിൽ നിന്നു ആംബുലൻസ്‌ ലഭിക്കില്ല. രോഗികൾ നേരിട്ട് വിളിച്ചാൽ അധിക തുക വാങ്ങി ആംബുലൻസ് പറന്നെത്തും എന്നാണ് പ്രദേശവാസികൾ പറയുന്നത്. ഒരു ഡെസനോളം സ്വകാര്യ ആംബുലൻസുകളാണ് നെയ്യാറ്റിൻകര ജനറൽ ആശുപത്രി പരിസരത്തുള്ളത്. അപകടത്തിൽപ്പെട്ടോ മറ്റ് അത്യാഹിതങ്ങൾ സംഭവിച്ചോ രോഗികൾ ആശുപത്രിയിലെത്തുമ്പോഴാണ് സ്വകാര്യ ആംബുലൻസുകാർ രോഗികളെ കൊണ്ടുപോകാൻ തയാറാകാത്തത്. കെ. ആൻസലൻ എം.എൽ.എയും ആശുപത്രി അധികൃതരും വിളിച്ചിട്ടും ആംബുലൻസുകൾ എത്താത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ആശുപത്രി അധികൃതരോ എം.എൽ.എയോ വിളിച്ചാൽ കൂടുതൽ തുക ലഭിക്കില്ല എന്നതാണ് ആംബുലൻസുകൾ വരാതിരിക്കാനുള്ള കാരണം എന്നാണ് ആക്ഷേപം. നെയ്യാറ്റിൻകരയിൽ നിന്നും തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ എത്തണമെങ്കിൽ ആയിരം രൂപ എന്നതാണ് സാധാരണ നിരക്ക്. എന്നാൽ ബന്ധുക്കൾ നേരിട്ട് വിളിച്ച് രോഗിയെ കൊണ്ടുപോയാൽ 1500 മുതൽ 1750 രൂപവരെ ഈടാക്കുന്നതായാണ് അനുഭവസ്ഥർ പറയുന്നത്. അധികതുക കിട്ടാത്തത് കാരണം നിരവധി രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകാത്ത സംഭവങ്ങളുമുണ്ട്. അടിയന്തര ഘട്ടങ്ങളിൽ പാറശാല, നെല്ലിമൂട്, ബാലരാമപുരം എന്നിവിടങ്ങളിൽ നിന്നുള്ള ആംബുലൻസുകളെയാണ് ആശുപത്രി അധികൃതർ ഇപ്പോൾ ആശ്രയിക്കുന്നത്. നെയ്യാറ്റിൻകര ആശുപത്രിയിൽ ഒരു സർക്കാർ ആംബുലൻസ് ഉണ്ടെങ്കിലും അപകടമോ മറ്റോ നടന്നാൽ രോഗികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കാൻ കൂടുതൽ ആംബുലൻസ് വേണ്ടിവരും. ആ ഘട്ടങ്ങളിലാണ് നെയ്യാറ്റിൻകരയിലെ സ്വകാര്യ ആംബുലൻസുകളെ ആശ്രയിക്കേണ്ടി വരുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുൻപ് ഒരു ബസുമായി കൂട്ടിയിടിച്ച് അപകടത്തിൽ പെട്ട രോഗികളെ ധനുവച്ചപുരത്തു നിന്നും പാറശാലയിൽ നിന്നും എത്തിയ ആംബുലൻസുകളാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ആംബുലൻസുകളുടെ സേവനം ലഭ്യമാക്കാൻ പൊലീസിന്റെ സേവനം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.