mullappally

തിരുവനന്തപുരം: സ്വപ്നയുടെ പേരിൽ പുറത്തുവന്ന ശബ്ദസന്ദേശം മുഖ്യമന്ത്രിയെ വെള്ളപൂശി വിശുദ്ധനാക്കാനും കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കാനുമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയുടെ ശബ്ദരേഖ വന്നത് ജയിലിനകത്ത് നിന്നായാലും പുറത്തുനിന്നായാലും ഗുരുതര സുരക്ഷാവീഴ്ചയാണ്. സ്വർണക്കടത്ത്, ലൈഫ് മിഷൻ പദ്ധതി ഉൾപ്പെടെയുള്ള അഴിമതികളിൽ അന്വേഷണം മുഖ്യമന്ത്രിയിലേക്ക് നീങ്ങുന്നതിനാൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ വിശ്വാസ്യത തകർക്കേണ്ടത് സി.പി.എമ്മിന്റേയും മുഖ്യമന്ത്രിയുടേയും ആവശ്യമാണ്. ശബ്ദരേഖയുടെ യഥാർത്ഥ ഗുണഭോക്താക്കൾ മുഖ്യമന്ത്രിയും സി.പി.എമ്മുമാണ്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കാൻ പൊലീസ് നടത്തിയ രാഷ്ട്രീയ നാടകമാണ് ശബ്ദസന്ദേശത്തിന് പിന്നിൽ. മുഖ്യമന്ത്രിയുടെ ആജ്ഞാനുവർത്തികളായ ഉദ്യോഗസ്ഥർ അന്വേഷിച്ചാൽ ശബ്ദരേഖയുടെ ഉറവിടം കണ്ടെത്തില്ല. സത്യം പുറത്തെത്തിക്കാൻ കേന്ദ്ര അന്വേഷണ ഏജൻസികൾ സമഗ്രമായ അന്വേഷണം നടത്തണം.

മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റിയും മുൻ പാർട്ടി സെക്രട്ടറിയുടെ കുടുംബവുമായി ബന്ധപ്പെട്ട കേസിലും നിശബ്ദത പുലർത്തിയിരുന്ന സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ദ്രുതഗതിയിലുള്ള പ്രതികരണത്തിന് പിന്നിലും വ്യക്തമായ തിരക്കഥയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.