mullappalli

തിരുവനന്തപുരം: കണ്ണൂരിൽ സ്വതന്ത്രവും നിർഭയവുമായി തിരഞ്ഞെടുപ്പ് നടത്താൻ സി.പി.എം അനുവദിക്കുന്നില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് നോമിനേഷൻ കൊടുക്കാൻ പോലും കഴിയാത്ത സാഹചര്യമാണ്. ആന്തൂരിലും മലപ്പട്ടത്തും സമാന അവസ്ഥയാണ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ സുധാകരൻ എം.പിക്ക് 4967 വോട്ടിന്റെ ഭൂരിപക്ഷം കിട്ടിയ പഞ്ചായത്താണ് ആന്തൂർ.

യു.ഡി.എഫ് ഘടകകക്ഷികളല്ലാത്തവരുമായി ഒരു നീക്കുപോക്കും തിരഞ്ഞെടുപ്പിൽ നടത്തിയിട്ടില്ല.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കൃത്യമായ മാർഗനിർദ്ദേശം നൽകിയിട്ടുണ്ട്. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികളുണ്ടാകില്ല. പരാതികൾ പരിഹരിക്കാൻ ഡി.സി.സികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പുറമെ മൂന്നംഗ സമിതിയേയും കെ.പി.സി.സി നിയമിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിലെ സെക്സ് റാക്കറ്റുമായി ബന്ധപ്പെട്ട പരാതി ഗൗരവമുള്ളതാണ്. അത് പൊതുഭരണ വകുപ്പ് സെക്രട്ടറി അന്വേഷിക്കണം. തീപ്പിടുത്തമുണ്ടായപ്പോൾ മദ്യക്കുപ്പിയും കണ്ടെത്തിയിരുന്നു. മദ്യാലയമായി സെക്രട്ടേറിയറ്റ് മാറിയെന്നും മുല്ലപ്പള്ളി പറഞ്ഞു.