മുടപുരം: സ്ഥാനാർത്ഥികൾക്ക് വേണ്ടിയുള്ള അഭ്യർത്ഥനയും പോസ്റ്റർ വാചകങ്ങളും തയ്യാറാക്കുന്ന തിരക്കിലാണ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്‌ണൻ കുന്നുംപുറം. കിഴുവിലം സ്വദേശിയായ അദ്ദേഹം ആഴ്ചകളായി അതിന്റെ തിരക്കിലാണ്. സി.പി.ഐ അംഗമായ രാധാകൃഷ്ണൻ കുന്നുംപുറം ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ പ്രചാരണ രംഗത്ത് മുൻ കാലങ്ങളിൽ സജീവ പ്രവർത്തകനായിരുന്നു. വിവിധ പാർട്ടികളുടെ പ്രതിനിധികൾ ഇദ്ദേഹത്തെ സമീപിക്കുന്നുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിലെ പ്രചാരണത്തിനായും സൃഷ്ടികൾ നടത്തുന്നുണ്ട്. നോട്ടിസ് തയ്യാറാക്കുമ്പോൾ ക്രിയാത്മകമായി പ്രവർത്തിക്കാൻ കഴിയും. ജനാധിപത്യത്തിന്റെ ഉത്സവമായ പൊതുതിരഞ്ഞെടുപ്പിൽ വ്യക്തിബന്ധങ്ങളും സൗഹൃദവും കൈകോർക്കണമെന്നതിനാലാണ് ആർക്കും എപ്പോഴും സമീപിക്കാവുന്ന എഴുത്തുകാരനായി താൻ നിലകൊള്ളുന്നതെന്ന് രാധാകൃഷ്‌ണൻ കുന്നുംപുറം പറഞ്ഞു.