പോത്തൻകോട്: ജില്ലാ പഞ്ചായത്ത് കണിയാപുരം ഡിവിഷനിൽ ഇത്തവണ തീപാറുന്ന പോരാട്ടം. സീറ്റ് നിലനിറുത്താനും പിടിച്ചെടുക്കാനും പരിചയ സമ്പന്നരായ വനിതകളെ കളത്തിലിറക്കി പരീക്ഷിക്കുകയാണ് മുന്നണികൾ. സീറ്റ് നിലനിറുത്താൻ തിരഞ്ഞെടുപ്പിൽ പരിചയസമ്പന്നയെ എൽ.ഡി.എഫ്‌ സ്ഥാനാർത്ഥിയാക്കിയപ്പോൾ മുതിർന്ന ലീഗ് നേതാവിന്റെ മകളെ കളത്തിലിറക്കി ഡിവിഷൻ തിരികെ പിടിക്കാൻ യു.ഡി.എഫും ജനസമ്മതിയുള്ള സ്ഥാനാർത്ഥിയെ രംഗത്തിറക്കി ബി.ജെ.പിയും എത്തിയതോടെ ഇത്തവണ കണിയാപുരം ഡിവിഷനിൽ പോരാട്ടം ശക്തമാകും. മേനംകുളം ചിറ്റാറ്റുമുക്ക് സ്വദേശിയായ ഉനൈസ ബീവിയാണ് (49) എൽ.ഡി.എഫ് സ്ഥാനാർത്ഥി. മഹിളാ അസോസിയേഷൻ മേനംകുളം മേഖലാ സെക്രട്ടറിയാണ്. കോൺഗ്രസിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ ഉനൈസബീവി നാല് വർഷം മുമ്പാണ് സി.പി.എമ്മിലെത്തിയത്. കണിയാപുരം ജില്ലാ ഡിവിഷനിൽ യു.ഡി.എഫിലെ ഘടകക്ഷിയായ മുസ്ലിം ലീഗിനാണ് സീറ്റ്. ലീഗ് സംസ്ഥാന നിർവാഹക സമിതി അംഗവും കേരള സഹൃദയവേദി സ്ഥാപക പ്രസിഡന്റുമായ ചാന്നാങ്കര എം.പി. കുഞ്ഞിന്റെ മകൾ ചാന്നാങ്കര എം.പി. ഷൈലയാണ് (36) മത്സരിക്കുന്നത്. കെ.എസ്.യു പ്രവർത്തകയായാണ് രാഷ്ട്രീയ പ്രവേശനം. മാനവ സൗഖ്യത്തിന്റെ സ്റ്റേറ്റ് പ്രസിഡന്റ്, കേരള സഹൃദയ വേദി സംസ്ഥാന സെക്രട്ടറി, വിമെൻസ് ലീഗ് ജില്ലാ സെക്രട്ടറി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു. കണിയാപുരം മലമേല്പറമ്പ് സ്വദേശി ആർ. അജിതകുമാരിയാണ് (49 ) ബി.ജെ.പി സ്ഥാനാർത്ഥി. അജിതകുമാരി അണ്ടൂർക്കോണം പഞ്ചായത്ത് സേവാഭാരതി അംഗവും കുടുംബശ്രീ പ്രവർത്തകയുമാണ്. എസ്.എൻ.ഡി.പി. കണിയാപുരം ശാഖ മൈക്രോഫിനാൻസ് ജോ. കൺവീനറും സ്നേഹവേദി പ്രവർത്തകയുമായിരുന്നു. അണ്ടൂർക്കോണം ഗ്രാമ പഞ്ചായത്തിലെ 18, കഠിനംകുളം ഗ്രാമ പഞ്ചായത്തിലെ 16, പോത്തൻകോട് പഞ്ചായത്തിലെ മണ്ണറ, പണിമൂല എന്നീ രണ്ട് വാർഡുകളും ബ്ലോക്ക് പഞ്ചായത്തിലെ അണ്ടൂർക്കോണം, കണിയാപുരം, മൈതാനി, മേനംകുളം, തുമ്പ എന്നീ ബ്ലോക്ക് ഡിവിഷനുകളും ചേർന്നതാണ് ഡിവിഷൻ. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ എം. ജലീൽ 1347 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.