df

വർക്കല: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ബോർഡുകൾ നാടെങ്ങും നിരന്നതോടെ ആവേശം ഉച്ചസ്ഥയിയിലേക്ക്. പരമാവധി ബോ‌ുകൾ സ്ഥാപിച്ച് വോട്ടമാർക്കിടയിൽ തങ്ങളുടെ സ്വാധീനം വർദ്ധിപ്പിക്കാനുള്ള വാശിയിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വർക്കല നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാനാർഥികളുടെ പ്രചാരണ ബോർഡുകൾ നിറഞ്ഞുകഴിഞ്ഞു. പ്രധാന കേന്ദ്രങ്ങളിലെ മരങ്ങൾ, ഒഴിഞ്ഞുകിടക്കുന്ന പുരയിടങ്ങൾ, കെട്ടിടങ്ങൾ എന്നിവിടങ്ങളിലാണ് എല്ലാവരും ബോ‌ർഡുകൾ സ്ഥാപിക്കുന്നത്.

ബഹുനില കെട്ടിടങ്ങളുടെ മുകളിൽ വരെ പ്രചാരണ ബോർഡുകൾ സ്ഥാപിച്ചു കഴിഞ്ഞു.

ഒരു സ്ഥാനാർഥി കണ്ണായ സ്ഥലത്ത് ബോർഡ് സ്ഥാപിച്ചാൽ അടുത്തയാളുടെ ബോർഡ് ഉടൻ വരും. ഏറ്റവും ഉയരത്തിൽ ഇവ സ്ഥാപിച്ച് മേൽക്കൈ അവകാശപ്പെടാനും ശ്രമമുണ്ട്. സ്ഥാനാർത്ഥികൾ എല്ലാം ഒരേ നാട്ടുകാർ ആയതിനാൽ 'നോ' പറയാനോ ഒഴിഞ്ഞു മാറാനോ പറ്റാത്ത അവസ്ഥയിലാണ് കെട്ടിട ഉടമകളിൽ പലരും. ഫലമോ മൂന്ന് മുന്നണികളുടെയും ബോർഡുകൾ ഒരുമിച്ചിരിക്കും.

വർക്കല വാവുകട ചന്തയ്ക്ക് എതിർവശം,​ ഗുരുകുലം ജംഗ്ഷൻ, താലൂക്ക് ആശുപത്രി ജംഗ്ഷൻ, പുന്നമൂട് , രാമന്തളി, ചിലക്കൂർ, ചുമടുതാങ്ങിമുക്ക്, തുടങ്ങിയ സ്ഥലങ്ങളിൽ ബോർഡുകളുടെ പ്രളയമാണ്. ക്ഷേത്രം റോഡിൽ കോട്ടുമൂല ഇടറോഡിലേക്ക് തിരിയുന്നതിന്റെ എതിർഭാഗത്ത്‌ ആളൊഴിഞ്ഞ പുരയിടത്തിൽ നിരനിരയായി ബോർഡുകൾ കാണാം. പ്ലാസ്റ്റിക് നിരോധനം നിലവിലുണ്ടെങ്കിലും ഇതൊന്നും വകവയ്ക്കാതെ സ്ഥാനാർഥികളിൽ പലരും ഫ്ലക്സ് ബോർഡുകളും യഥേഷ്ടം സ്ഥാപിക്കുന്നുണ്ട്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരണം കൊഴുക്കുമ്പോഴും പരമ്പരാഗതമായ പ്രചാരണ രീതിയുടെ മാറ്റുകുറയുന്നില്ലെന്നതിന്റെ തെളിവാണിതെല്ലാം.